തൃശൂര്‍: നഗര വികസനത്തിനായി പട്ടാളം റോഡിലെ മാരിയമ്മന്‍ ക്ഷേത്രം പൊളിക്കാന്‍ ഉത്തരവിട്ട മുന്‍ മേയര്‍ രാജന് പല്ലനെതിരെ ബിജെപി അംഗങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ വേഷം ചമഞ്ഞെത്തിയ മുന്മേയര് രാജന് പല്ലന്, ജങ്ഷന് വികസനത്തിന്റെ പേരില്‍ പൊള്ളയായ വാഗ്ദാനം നല്കിയ പോലെ പട്ടാളം റോഡ് വികസന കാര്യത്തിലും രംഗത്ത് വന്നിരിക്കുകയാണെന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എം.എസ് സമ്പൂര്‍ണ്ണ പറഞ്ഞു.
പട്ടാളം റോഡ് മാരിയമ്മന്‍ വിനായക കോവില്‍ ക്ഷേത്രഭാരവാഹികളെ പലവിധത്തിലുള്ള വാഗ്ദാനങ്ങള്‍ നല്കി ക്ഷേത്രം പൊളിക്കാന്‍ തീരുമാനിച്ചയാളാണ് ഇപ്പോള്‍ വികസന നായകന് ചമയുന്നത്. കോര്പ്പറേഷന് കൗണ്‍സിലിന്റേയോ നഗര-വികസന സ്റ്റാന്റിങ് കമ്മിറ്റികളുടെയോ തീരുമാനമില്ലാതെ 2015 ഫെബ്രുവരിയില്‍ ക്ഷേത്രം പൊളിക്കാന്‍ മുന്‍ മേയര്‍ ഉത്തരവിട്ടിരുന്നു.
കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, പൂങ്കുന്നം എന്നിവിടങ്ങളില്‍ വികസനത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ പെരുവഴിലാക്കിയ അതേ സമീപനമാണ് പട്ടാളം റോഡ് വികസനത്തിന്റെ പേരില്‍ രാജന് പല്ലന് നടത്തിയത്. ജംഗ്ഷന് വികസനത്തിന്റെ പേരില്‍ സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചു കിടപ്പാടം പോലുമില്ലാതെ തെരുവിലിറക്കുകയായിരുന്നു. മാരിയമ്മന്‍ കോവില്‍ പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കോര്പ്പറേഷന് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നില്ലെന്ന് സമ്പൂര്‍ണ ചൂണ്ടിക്കാട്ടി.
നഗരവാസികളെ പെരുവഴിയിലാക്കിയ രാജന് പല്ലനെ ‘പെരുവഴി മോര്‍ച്ച’ സംസ്ഥാന പ്രസിഡന്റ് പദവി നല്‍കണമെന്നും ജങ്ഷന് വികസനത്തിന്റെ മറവില്‍ കാട്ടികൂട്ടിയതൊന്നും ജനങ്ങള്‍ മറന്നിട്ടില്ലെന്നും ബിജെപി കൗണ്‍സിലര്‍ കെ. മഹേഷ് പറഞ്ഞു. ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബയോമൈനിങ് നടത്താനുള്ള പദ്ധതി ലാലൂര്‍ നിവാസികളുടെ ആശങ്ക ദൂരീകിച്ചതിന് ശേഷമേ നടപ്പാക്കാവൂവെന്ന് സമ്പൂര്‍ണ ആവശ്യപ്പെട്ടു. പട്ടാളം റോഡില്‍ പോസ്റ്റോഫീസിന്റെ പിന്നിലുണ്ടായിരുന്ന മാരിയമ്മന്‍ കോവില്‍ നഗരവികസനത്തിനായി സ്വയം പൊളിച്ചു നീക്കാന്‍ സന്നദ്ധത അറിയിച്ച ക്ഷേത്രഭാരവാഹികളെ കൗണ്‍സില്‍ ഏകകണ്ഠമായി അഭിനന്ദിച്ചു.
പട്ടാളം റോഡ് വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നിരന്തരം തുടര്‍ന്നുവന്നിരുന്ന ദുഷ്ടശക്തികള്‍ തന്നെ പദ്ധതി ലക്ഷ്യം കണ്ടുതുടങ്ങിയപ്പോള്‍ അവരുടെ നേട്ടമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മേയര്‍ പറഞ്ഞു. ദിവാന്‍ജിമൂല മേല്‍പ്പാല നിര്‍മ്മാണത്തിനായി പുറമ്പോക്കില്‍ നിന്നു സ്വമേധയാ ഒഴിഞ്ഞുതരാന്‍ സമ്മതിച്ചവര്ക്കായി പടിഞ്ഞാറെ കോട്ടയില്‍ ആധുനിക രീതിയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കും. മേല്‍പ്പാലം നാടിനു സമര്‍പ്പിക്കുന്നതിനു മുമ്പായി ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: