തൃശൂര്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയ്‌ക്ക് 87.13 ശതമാനം വിജയം. 28461 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. 1662 കുട്ടികള്‍ക്ക് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചു. 202 സ്‌കൂളുകളിലായി 32665 പേരാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്.
തൃശൂര്‍ വിവേകോദയം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എ പ്ലസ് നേടി വിജയിച്ച സ്‌കൂളുകള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് പുതുക്കാട് സെന്റ് ആന്റണീസ് എച്ച്എസ്എസിലാണ്. 19 സ്‌കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്.
വിഎച്ച്എസ്ഇ പരീക്ഷയില്‍ 82.31 ആണ് വിജയശതമാനം. 1745 വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. 14 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 2120 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത്. പാര്‍ട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയര്‍ന്ന വിജയശതമാനം 87.45 ആണ്. പാര്‍ട്ട് ഒന്നും രണ്ടും മൂന്നിലുമായി ഏറ്റവും ഉയര്‍ന്ന വിജയശതമാനം 82.31 ആണ്. ജിവിഎച്ച്എസ്എസ് തിരുവില്വാമല, സര്‍വോദയം വിഎച്ച്എസ്എസ് അയ്യമ്പാടം എന്നീ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം കൈവരിച്ചു.
ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 63.64 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 11 പേരില്‍ 7 പേര്‍ ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. 48.05 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളുകളുടെ വിജയശതമാനം. 3613 പേര്‍ പരീക്ഷ എഴുതിയതില്‍ 1736 ഉന്നതവിദ്യാഭ്യാസ യോഗ്യത നേടി. കലാമണ്ഡലം ആര്‍ട്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 80 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്ക് ഇരുന്നതില്‍ 79 വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. 98.75 ആണ് വിജയ ശതമാനം.
ഇത്തവണത്തെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റിലും മാറ്റമുണ്ടാകും. വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ജനനത്തീയതി, അച്ഛനമ്മമാരുടെ പേര് എന്നിവ ഉള്‍പ്പെടുത്തും. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ 24 മുതല്‍ സ്വീകരിച്ചുതുടങ്ങും. പ്ലസ് വണ്‍ പരീക്ഷാഫലം ഈ മാസം തന്നെ പ്രസിദ്ധീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: