കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ അങ്കലാപ്പ്. അണികളുടെ ചോദ്യത്തിന് മുന്നില്‍ മൗനത്തിലാണ് ജില്ലയില്‍ നിന്നുള്ള സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സോളാര്‍ കേസ് മുഖ്യവിഷയമാക്കി അധികാരത്തിലെത്തിയ പാര്‍ട്ടിയുടെ അവസ്ഥ യുഡിഎഫിനേക്കാളും ദയനീയമായില്ലേ എന്ന ചോദ്യമാണ് പ്രവര്‍ത്തകരില്‍ നിന്നുയരുന്നത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റ് പാര്‍ട്ടി പ്രവര്ത്തികരുമായുള്ള സംവാദങ്ങളില്‍ നിന്ന് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും അണികളും ഒഴിഞ്ഞു മാറുന്ന സാഹചര്യമാണ് പാര്‍ട്ടി ഗ്രാമങ്ങളിലുള്ളത്. എല്ലാ കാലത്തും പാര്‍ട്ടിയേയും ഭരണത്തേയും നിയന്ത്രിച്ച കണ്ണൂര്‍ ലോബിയില്‍പ്പെട്ട നേതാക്കളുടെ മൗനവും ചര്‍ച്ചയാവുകയാണ്. സംസ്ഥാന സെക്രട്ടറിയെ അടക്കം മറികടന്ന് കാലങ്ങളായി തന്നിഷ്ട പ്രകാരം മുഖ്യമന്ത്രി നടത്തിയ നടപടികളാണ് ഇന്നത്തെ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന അഭിപ്രായവും ഉയരുന്നു.
മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണത പാര്‍ട്ടിക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്നുറപ്പാണെന്നും പലരും തുറന്നു സമ്മതിക്കുന്നു. കണ്ണൂരില്‍ നിന്നുള്ള സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്കും മിണ്ടാട്ടമില്ല. ബ്രാഞ്ച്-ലോക്കല്‍-ഏരിയാ കമ്മിറ്റി യോഗങ്ങള്‍ക്കൊന്നും പതിവ് ഉത്സാഹമില്ല. നല്ലൊരു വിഭാഗം പാര്‍ട്ടി അനുഭാവികളും അംഗങ്ങളും കടുത്ത അതൃപ്തിയിലാണ്. ഇത് വരുംദിവസങ്ങളില്‍ ഇത്തരക്കാര്‍ പാര്‍ട്ടി വിടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: