തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് പിടിപ്പുകെട്ടവനാണെന്നും (മറ്റൊരു വാക്കാണ് പറഞ്ഞത്) കാര്യങ്ങള്‍ തീരുമാനിക്കുന്നത് താനാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അവകാശപ്പെട്ടിരുന്നതായി സ്വപ്നയുടെയും സരിത്തിന്റെയും വെളിപ്പെടുത്തല്‍. പിണറായിക്ക് കത്ത് എഴുതാന്‍ പോലും അറിയില്ല. ഒപ്പിടുന്നതുപോലും താന്‍ ചൂണ്ടിക്കാണിക്കുന്നിടത്താണ് എന്നായിരുന്നു ശിവശങ്കറിന്റെ അവകാശവാദം. അന്വേഷണോദ്യോഗസ്ഥരോട് ഇരുവരും ഇക്കാര്യം പറഞ്ഞതായാണ് വിവരം.
സ്വപ്നയും കൂട്ടാളികളും ഒരുമിച്ചുള്ള മദ്യപാന സദസുകളില്‍ ശിവശങ്കര്‍ ഇങ്ങനെ അവകാശപ്പെട്ടതായാണ് മൊഴി. പിണറായിക്ക് ഒരു കാര്യത്തെക്കുറിച്ചും വലിയ വിവരമില്ല. എല്ലാക്കാര്യങ്ങളും താനാണ് പറഞ്ഞുകൊടുക്കുന്നത്, എന്നവകാശപ്പെട്ട ശിവശങ്കര്‍ പണം കിട്ടിയാല്‍ എല്ലാക്കാര്യവും നടക്കുമെന്നും ഉറപ്പ് നല്‍കിയതായി പറയുന്നു.
എം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ഇടപാടുകളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് പുതിയ നാണക്കേടാവുകയാണ്. പുറത്തുവരുന്ന മൊഴികളും തെളിവുകളും കുത്തഴിഞ്ഞ നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് വെളിപ്പെടുത്തുന്നത്. പാര്‍ട്ടിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഉപജാപകസംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിടിമുറുക്കിയെന്നാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ള വികാരം.
ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ നിരന്തരം വീഴ്ചകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നപ്പോള്‍ മുതിര്‍ന്ന നേതാവായിരുന്ന എം.വി. ജയരാജനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. കുറച്ചുകാലം ജയരാജന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന് വടകരയില്‍ സ്ഥാനാര്‍ത്ഥിയായതോടെ എം.വി. ജയരാജന് ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റെടുത്ത് കണ്ണൂരിന് മടങ്ങി. ഇതോടെ ശിവശങ്കറിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലാവുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ഭരണാധികാരി എന്ന നിലയില്‍ പിണറായിയുടെ പരാജയം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് അണികള്‍ പോലും ഇപ്പോള്‍ അടക്കം പറയുന്നത്.
സീതാറാം യെച്ചൂരി ഉള്‍പ്പെടെ സിപിഎം ദേശീയ നേതൃത്വം പൂര്‍ണമായും പിണറായിക്ക് വീഴ്ച പറ്റിയെന്ന നിലപാടിലാണ്. എന്നും പിണറായിക്ക് പിന്തുണ നല്‍കിയിരുന്ന പ്രകാശ് കാരാട്ടും ഇക്കുറി പിന്തുണയ്ക്കുന്നില്ല. എസ്. രാമചന്ദ്രന് പിള്ള മാത്രമാണ് പിണറായിക്ക് വേണ്ടി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: