തിരുവനന്തപുരം: സ്വര്‍ണകള്ളക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് ജൂലൈ ഒമ്പതിന്. അതായത് സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടിച്ച് അഞ്ചാംദിവസമാണ് സ്വന്തം കാറില്‍ സ്വപ്ന കേരളം വിട്ടത്. സ്വപ്നയുടെയും സന്ദീപിന്റേയും ചിത്രങ്ങള്‍ അടക്കം വിവരങ്ങളെല്ലാം പോലീസിനു ലഭിച്ച ശേഷമാണ് നിരവധി പോലീസ് ചെക്ക് പോസ്റ്റുകള്‍ കടന്ന് സ്വപ്ന കേരളം വിട്ടത്. രജിസ്ട്രേഷന് നമ്പര്‍ കെഎല്‍01 സിജെ 1981. ഈ കാറിലായിരുന്നു സ്വപ്നയുടെയും സന്ദീപന്റെയും യാത്ര. ഒന്‍പതിന് ഉച്ചക്ക് 12.22 ന് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താചാനല്‍ പുറത്തുവിട്ടു.
കോവിഡ് കാലത്തെ മിക്ക പ്രധാന റോഡുകളിലും കര്‍ശന പരിശോധന പോലീസ് നടത്തുന്ന സമയത്താണ് ഇവര്‍ ബംഗളൂരുവിലേക്ക് കടന്നത്. ഇതില്‍ നിന്ന് സ്വപ്നയ്ക്കു രക്ഷപെടാന്‍ പോലീസ് സഹായം ലഭിച്ചെന്ന് വ്യക്തമാവുകയാണ്. സ്വപ്ന എവിടെയെന്ന് ഒരു സൂചനയുമില്ലാതെ വലയുമ്പോഴാണ് അന്വേഷണ ഏജന്‍സികളുടെ മൂക്കിന്‍തുമ്പിനു മുന്നിലൂടെയുള്ള ഈ യാത്ര.
പാലിയേക്കരയില്‍ നിന്ന് വടക്കഞ്ചേരി കടന്ന് വാളയാര്‍ ടോള്‍പ്ളാസയില്‍ എത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പട്ടാപ്പകല്‍ ഈ ദൂരമത്രയും പ്രതികള്‍ കുടുംബസമേതം സഞ്ചരിച്ചിട്ടും ഒരിടത്തുപോലും പിടിക്കപ്പെട്ടില്ല എന്നത് വളരെ ദുരൂഹമാണ്. ഇതു സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: