തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വലിയ പങ്കുണ്ടെന്നു കണ്ടെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിക്കാന്‍ സിപിഎമ്മില്‍ ആരുമില്ലാത്ത അവസ്ഥ. സര്‍ക്കാരിനെതിരെ എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം സര്‍ക്കാരിന് പിന്തുണയുമായി എത്തുകയാണ് പതിവ്. എന്നാല്‍ സ്വര്‍ണക്കടത്തു വിഷയത്തില്‍ ദിവസം ഇത്രയുമായിട്ടും പാര്‍ട്ടി സെക്രട്ടറിയുടെ ഒരു വാര്‍ത്താ സമ്മേളനമല്ലാതെ മറ്റൊരാളും മുഖ്യമന്ത്രിയെ ന്യായീകരിച്ച് കാര്യമായി രംഗത്തു വന്നിട്ടില്ല. മുന്നണിയില്‍ സിപിഐയാകട്ടെ കിട്ടിയ സമയത്ത് മുഖ്യനെ പല കുറി വിമര്‍ശിക്കാനും മടിച്ചില്ല.
ചാനലുകളില്‍ എം.ബി രാജേഷിനെയും എം. സ്വരാജിനെപ്പോലെയുമുള്ള ചിലര്‍ മാത്രമാണ് ചര്‍ച്ചകള്‍ക്ക് എത്തിയിട്ടുള്ളത്. അവരാകട്ടെ ന്യായീകരിക്കാന്‍ വല്ലതെ ബുദ്ധിമുട്ടുന്നുമുണ്ട്. ന്യായീകരിച്ച് സ്വയം പലപ്പോഴും അവര്‍ കുഴിയില്‍ ചാടുന്നുമുണ്ട്. മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി. ജയരാജന് മാത്രമാണ് പിണറായിക്കുവേണ്ടി അല്‍പ്പമെങ്കിലും വാ തുറന്നത്. നിയമമന്ത്രി എ.കെ. ബാലനാകട്ടെ സംസ്ഥാനത്തേ ഇല്ലെന്ന മട്ടിലാണ്.
സൈബര്‍ സഖാക്കള്ക്കാട്ടെ ഒന്നും പറയാനില്ല. കടുത്ത വിമര്‍ശനവും ചോദ്യശരങ്ങളും ഉയരുമ്പോള്‍ സന്ദീപ് ബിജെപി നേതാവാണ്, മറ്റൊരു ബിജെപി നേതാവാണ് കസ്റ്റംസിനെ വിളിച്ചത്, തുടങ്ങിയ യാതൊരു തെളിവുമില്ലാത്ത ദുര്‍ബലമായ ആരോപണങ്ങളും പോസ്റ്റുകളുമിട്ട് മുങ്ങുകയാണ്.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസ് ഉടലെടുക്കുന്നത്. വമ്പന്‍ സ്വര്‍ണ്ണക്കള്ളക്കടത്തു സംഘങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് പ്രവര്‍ത്തിച്ചതെന്നാണ് ഇതുവരെയുള്ള സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്റലിജന്‍സ് മുന്നറിയിപ്പുപോലും അവഗണിച്ച് സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിച്ചെന്ന് ചോദിച്ചാല്‍ സിപിഎമ്മിന് ഉത്തരമില്ല.
പാര്‍ട്ടി ഒന്നടങ്കം മുഖ്യമന്ത്രിയുടെ നീരാളിപ്പിടിത്തത്തില്‍ ആയതിനാല്‍ വിമര്‍ശനമോ എതിര്‍പ്പോ ഒന്നുമില്ല. വിമര്‍ശിക്കാനും എതിര്‍ക്കാനും തന്റേടമുള്ളവര്‍ പാര്‍ട്ടിയിലില്ല താനും. അതിനാല്‍ അനങ്ങാതെ നിത്യേനയുള്ള സംഭവ വികാസങ്ങള്‍ നിരീക്ഷിച്ച് ഒതുങ്ങിക്കൂടുകയാണ്.
പാര്‍ട്ടിയില്‍ ശക്തമായ രോഷവും പ്രതിഷേധവും പലര്‍ക്കുമുണ്ട്. എം. ശിവശങ്കറിന്റെ അപ്രമാദിത്വത്തില്‍ അമര്‍ഷവുമുണ്ടായിരുന്നു. സ്വയം ന്യായീകരിക്കട്ടെയെന്ന നിലപാടിലാണ് അവര്‍. പിണറായി എന്തു തെറ്റ് ചെയ്താലും സഹായവുമായി എത്തുന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയും സഹായിക്കാന്‍ എത്തുന്നില്ല. പിണറായിയുടെ അടുത്ത സഖാവെന്ന് വിശേഷിപ്പിക്കുന്ന പ്രകാശ് കാരാട്ടും രക്ഷയ്ക്ക് എത്തുന്നില്ല.
പിണറായിക്ക് അപ്രമാദിത്വമുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഇക്കഴിഞ്ഞ യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പറഞ്ഞത് കേട്ടതല്ലാതെ ഒരു പിന്തുണയും മുഖ്യമന്ത്രിക്ക് നേതാക്കള്‍ നല്‍കിയില്ല.
പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടായ സാഹചര്യത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് വിശദീകരണം തേടിയെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഇല്ല.
എം. ശിവശങ്കര്‍ വിവാദങ്ങളില്പ്പെട്ടപ്പോള്ത്തന്നെ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടിരുന്നു. സാധാരണ സിപിഎം മന്ത്രിമാരോ നേതാക്കളോ വിദേശത്ത് യാത്ര നടത്തണമെങ്കില്‍ പാര്‍ട്ടിയുടെ അനുമതി വേണം. എന്നാല്‍ മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകള്‍ക്കൊന്നും പാര്‍ട്ടി അനുമതി ഉണ്ടായിരുന്നില്ല. ഇതും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: