തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ ചികിത്സാ സൗകര്യങ്ങള്‍ക്കായി സംസ്ഥാനം പുതിയ കേന്ദ്രങ്ങള്‍ തുറക്കേണ്ട അവസ്ഥയില്‍. ഇതോടെ സ്റ്റേഡിയങ്ങള്‍ ഉള്‍പ്പടെ താത്കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.
സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രികള്‍ നിറഞ്ഞതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടിയത്. ഇതോടെ കിട്ടാവുന്ന കെട്ടിടങ്ങളും സ്റ്റേഡിയങ്ങളും സജ്ജമായി താത്കാലിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കൊറോണ പ്രതിരോധ ചികിത്സകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പദ്ധതികളാണ് തയാറാക്കിയത്. ഇതില്‍ പ്ലാന്‍ എ പ്രകാരമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളും ജില്ലാ ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 29 കൊറോണ ആശുപത്രികള്‍ ആദ്യഘട്ടത്തില്‍ ഒരുക്കിയത്. രോഗികളുടെ എണ്ണം കൂടിയതോടെ 29 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളും തയ്യാറാക്കി. എന്നാല്‍ രോഗികളുടെ എണ്ണം കണക്കുകൂട്ടലുകള്‍ക്കപ്പുറം പോയതോടെ നിലവിലുള്ള കിടക്കകള്‍ മതിയാകാതെ വരികയായിരുന്നു.
പല സ്ഥലങ്ങളിലും ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ പോസിറ്റീവ് റിസല്‍ട്ടാണ് കിട്ടുന്നത്. അതിനാല്‍ സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തം ഉണ്ടെങ്കില്‍ മാത്രമേ ചികിത്സ ശരിയായ വിധത്തില്‍ നടത്താനാവൂ എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. തിരുവനന്തപുരത്താണ് ഏറ്റവും ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ രോഗം വ്യാപിപ്പിച്ചിരിക്കുന്നത്.
ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണം താരതമ്യേന കുറവായതിനാല്‍ ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഇപ്പോള്‍ ആവശ്യത്തിനുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളെ ചികിത്സയ്ക്കായി ഏറ്റെടുക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: