മാഞ്ചസ്റ്റര്‍: സ്ഥിരം ക്യാപ്റ്റനായ ജോ റൂട്ട് തിരിച്ചുവരുന്ന മത്സരത്തില്‍ എന്തുവിലകൊടുത്തും വിജയം പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ട് ടീം. വിന്‍ഡീസുമായുള്ള അവരുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ തോറ്റ ഇംഗ്ലണ്ടിന് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ തിരിച്ചുവരാന്‍ ജയം അനിവാര്യമാണ്. തോറ്റാല്‍ പരമ്പര വിന്‍ഡീസിന് സ്വന്തമാകും.
രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ജോ റൂട്ട് വിട്ടുനിന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിനാണ് തോറ്റത്. റൂട്ടിന് പകരം ഇംഗ്ലണ്ടിനെ നയിച്ച ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന് ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ആദ്യ ടെസ്റ്റില്‍ കളിച്ച ജോ ഡെന്‍ലിക്ക് പകരമാകും റൂട്ട് ടീമില്‍ തിരിച്ചെത്തുന്നത്. ഒന്നാം ടെസ്റ്റില്‍ നിറം മങ്ങിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ക്കും അവസാന ടീമില്‍ ഇടം കിട്ടാന്‍ സാധ്യത കുറവാണ്. ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ രണ്ടാം ടെസ്റ്റിലും തഴഞ്ഞേക്കും.
ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റ് വിജയം നേടിയ വിന്‍ഡീസ് മികച്ച ഫോമിലാണ്. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍, പേസര്‍ ഷാനോണ്‍ ഗബ്രിയേല്‍ , ബാ്റ്റ്‌സ്മാന്‍ ബ്ലാക്ക്‌വുഡ് എന്നിവരുടെ മികവിലാണ് വിന്‍ഡീസ് ടീം വിജയം നേടിയത്. രണ്ടാം ടെസ്റ്റിലും ജയം ആഘോഷിച്ച് പരമ്പര പോക്കറ്റിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വിന്‍ഡീസ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ടെസ്റ്റ് നടത്തുന്നത്. അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് ടെസ്റ്റ് മത്സരം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: