കോഴിക്കോട്: ജില്ലയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പഞ്ചായത്തായ തൂണേരിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 53 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തെതുടര്‍ന്ന് അടച്ചു. ജീവനക്കാരോട് ടെസ്റ്റിന് വിധേയ മാകാനും നിര്‍ദേശം നല്കി കര്‍ശന നിയന്ത്രണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉറവിടമറിയാത്ത രോഗബാധ കൂടുന്നതും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉണ്ടാകുന്നതും കാരണം കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പറേഷനിലെ എട്ടു വാര്‍ഡുകള്‍ നിലവില്‍ നിയന്ത്രിത മേഖലകളാണ്. മീഞ്ചന്ത, കുണ്ടായിത്തോട്, ചക്കുംകടവ്, മൂന്നാലിങ്ങല്‍, പന്നിയങ്കര, ചാലപ്പുറം, അരീക്കാട്, മുഖദാര്‍ എന്നീ വാര്ഡുകളാണവ. തിരുവണ്ണൂരിനെ തിങ്കളാഴ്ച രാത്രി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നെങ്കിലും രോഗബാധിതരുള്ളത് പന്നിയങ്കര വാര്‍ഡിലാണെന്ന് സ്ഥിരീകരിച്ചതോടെ ഇന്നലെ തിരുത്തി ഉത്തരവിറക്കുകയായിരുന്നു. അരീക്കാട്, മുഖദാര്‍ എന്നീ വാര്‍ഡുകളെ ഇന്നെലയാണ് കണ്ടെയിന്മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചത്.
കോര്‍പറേഷനിലെ വെള്ളയില്‍, ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ് എന്നിവയെ ഇന്നലെ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. രോഗികളുമായി നേരിട്ട് സമ്പര്ക്കമുണ്ടായിരിക്കുന്നവര്ക്ക് കൊറോണ പരിശോധന പൂര്‍ത്തിയായപ്പോള്‍ പ്രദേശത്ത് മറ്റാര്‍ക്കും രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഈ വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ വെള്ളയില്‍ ഫിഷിംഗ് ഹാര്‍ബറിലും ഫിഷ് ലാന്റിംഗ് സെന്ററിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വടകര മുനിസിപ്പാലിറ്റിയെ പൂര്‍ണമായും പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ ആക്കൂപറമ്പ്, എരവട്ടൂര്‍, ഏരത്ത് മുക്ക് എന്നീ വാര്‍ഡുകളെയും ഇന്നലെ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് സൗത്ത്, കുട്ടോത്ത്, തലക്കൂളത്തൂര്‍ പഞ്ചായത്തിലെ ചിറവളപ്പില്‍ എന്നീ വാര്‍ഡുകളും നാദാപുരം പഞ്ചായത്ത് പൂര്‍ണമായും കണ്ടെയിന്മെന്റ് സോണാണ്.
ഈ പ്രദേശങ്ങളിലെ ദുരന്തനിവാരണ പ്രവര്‍ത്തനം, കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫീസുകള്‍, പോലീസ്, ഹോം ഗാര്‍ഡ്, ഫയര്‍ ആന്റ് റസ്ക്യു, റവന്യു ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍, എടിഎം എന്നിവ ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതും ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതുമാണ്.
ഭക്ഷ്യ, അവശ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയും മില്‍ക്ക് ബൂത്തുകള്‍ രാവിലെ 5 മുതല്‍ 10വരെയും വൈകിട്ട് നാലു മുതല്‍ ആറുവരെയും പ്രവര്‍ത്തിക്കാം. കൂടാതെ കണ്ടെയിന്മെന്റ് പ്രദേശങ്ങളിലെ മറ്റു നിയന്ത്രണങ്ങളും ഈ പ്രദേശങ്ങളില്‍ ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: