കോഴിക്കോട്: പരിശോധന കൂടുമ്പോള്‍ രോഗികളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാദാപുരം, തൂണേരി പഞ്ചായത്തുകളിലായി നടത്തിയ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ നിന്ന് ഞെട്ടിക്കുന്ന ഫലമാണ് ലഭിച്ചത്. 900 പേരില്‍ നടത്തിയ പരിശോധനയില്‍ 93 പേര്‍ക്കാണ് ഫലം പോസിറ്റീവായത്.
രോഗ ഉറവിടമറിയാത്ത രണ്ട് രോഗികളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് രോഗം വ്യാപിച്ചതെന്നാണ് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികള്‍ ഇതില്‍ കൂടുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് പോകുന്നതിനിടയിലാണ് രോഗവ്യാപനം വര്‍ദ്ധിച്ചിരിക്കുന്നത്. ഇളവുകള്‍ ഉപയോഗപ്പെടുത്തി ആളുകള്‍ കൂട്ടമായി ടൗണുകളിലും വ്യാപാരകേന്ദ്രങ്ങളിലും കോവിഡ് നിബന്ധനകള്‍ പാലിക്കാതെ ഇടപഴകുന്നതാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂട്ടാന്‍ കാരണമാകുന്നത്.
രോഗികളുടെ വിവരം മുതല്‍ കോവിഡ് രോഗസംബന്ധമായ വിവരങ്ങള്‍ അറിയിക്കുന്നത് വരെ ആരോഗ്യവകുപ്പിന് കടുത്തവീഴ്ചയാണുണ്ടാകുന്നത്. നാദാപുരം, തൂണേരി പഞ്ചായത്തുകളില്‍ നടത്തിയ പരിശോധനയുടെ ഫലം ലഭിച്ചെങ്കിലും 24 മണിക്കൂറിന് ശേഷം മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വരെ ഫലം പുറത്തുവിടാതെ സ്ഥിരീകരിച്ചിട്ടില്ലെന്ന വിശദീകരണമാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഇതോടെ രോഗവ്യാപനത്തിന്റെ വ്യാപ്തി അറിയാതെ ആളുകള്‍ ഇടപഴകുകയും ചെയ്യുന്നു. കോവിഡ് പോസിറ്റീവായവരെ കുറിച്ചുള്ള വ്യക്തിഗത വിവരം പരസ്യമാക്കിയില്ലെങ്കിലും എവിടെയൊക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഫലം ലഭിച്ച ഉടനെ അറിയിച്ചാല്‍ ജാഗ്രത വര്‍ദ്ധിപ്പിക്കാനാകും.കോഴിക്കോട് കോര്‍പ്പറേഷനില്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ ഏതാണെന്നതിനെകുറിച്ചും തികഞ്ഞ അവ്യക്തതയാണ് വാര്‍ത്താ കുറിപ്പുകളിലൂടെ പുറത്തുവിടുന്നത്. രോഗികളുടെ വിലാസത്തിലെ പോസ്റ്റ് ഓഫീസ് പരിഗണിച്ചാണ് ആരോഗ്യവകുപ്പ് കണ്ടെയ്ന്മന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ രോഗികള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളാണ് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നത്. ഇത് രണ്ടും വ്യത്യസ്തമാകുമ്പോള് ആളുകള്‍ ആശയകുഴപ്പത്തിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: