രാജാക്കാട്: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ച ശേഷം കൊറോണ പോസിറ്റീവ് ആയ എന്‍ആര്‍ സിറ്റി സ്വദേശിനിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. അതേ സമയം ഇക്കാര്യങ്ങള്‍ കൂടുതല്‍ വിശദമായി പരിശോധിച്ച് വരികയാണെന്ന് ഡിഎംഒ അറിയിച്ചു. മേഖലയില്‍ ഇന്ന് മുതല്‍ കൂടുതല്‍ കൊറോണ സ്രവ പരിശോധന നടത്തും.
ഇവര്‍ ജൂണ്‍ 28നും, ജൂലൈ മൂന്നിനും, നാലിനും രാവിലെ 6.45ന് എന്‍ആര്‍ സിറ്റി സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബ്ബാന കൂടി. 4ന് രാവിലെ 11 മുതല്‍ 11.30 വരെ രാജാക്കാട് ടൗണിലെ ജിന്‍സന്റെയും, 11.45 മുതല്‍ 12 വരെ ടെക്സ്റ്റൈല്‍ ഷോപ്പും സന്ദര്‍ശിച്ചു. ഉച്ച കഴിഞ്ഞ് 1 മുതല്‍ 2 വരെ സെന്റ് മേരീസ് പള്ളിയിലെ മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തു. 5ന് രാവിലെ 7ന് അയല്പക്കത്ത് നിന്ന് പാല് വാങ്ങി, വൈകിട്ട് 4ന് സ്വയം സഹായ സംഘം യോഗത്തില്‍ പങ്കെടുത്തു. 4.30 മുതല്‍ 6 വരെ സെന്റ് മേരീസ് പള്ളിയില്‍ ജിഡിഎസ് യോഗത്തില്‍ പങ്കെടുത്തു.
7ന് അയല്പക്കത്തെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തു. 9ന് രാവിലെ അയല്‍വീട്ടില്‍ നിന്ന് പാല് വാങ്ങി, 10 മുതല്‍ 2 വരെ എന്‍ആര്‍ സിറ്റി കോണ്‍വന്റില്‍ പോയി, 4.30 മുതല്‍ 6 വരെ സെന്റ് മേരീസ് പാരിഷ് ഹാളില്‍ യോഗത്തില്‍ പങ്കെടുത്തു. 10ന് രാവിലെ 8 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ സമീപത്തെ വീട്ടില്‍ ഏലക്ക എടുക്കാന്‍ പോയി.
വൈകിട്ട് വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അന്ന് വൈകിട്ട് 6.30ന് രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7ന് അവിടെ നിന്ന് ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഹൃദ്രോഗ പരിശോധനയെ തുടര്‍ന്ന് കൊറോണ ടെസ്റ്റിനുളള സ്രവം ശേഖരിച്ചു. ഒന്നാം ഘട്ടം പോസിറ്റീവ് ആയതിനാല്‍ വീണ്ടും സ്രവം ശേഖരിച്ച് പരിശോധനക്കയച്ചു. 12ന് രാവിലെ 10ന് കൊറോണ സ്ഥിരീകരിച്ചു, തുടര്‍ന്ന് 10.30ന് മരിച്ചു.
കൊറോണ പ്രോട്ടോകോള്‍ പാലിച്ച് വൈകിട്ട് ആറിന് രാജാക്കാട് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തി.
ഫലം പോസിറ്റീവ്
ഇടുക്കി: മരിച്ച വീട്ടമ്മയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ച സ്രവ പരിശോധനയുടെ ഫലം ഇന്നലെയാണ് പുറത്തുവന്നത്. മുമ്പ് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായിരുന്നു.
അതേ സമയം ഇവരുടെ മരണ കാരണം ഹൃദ്യോഗമാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനാല്‍ ഇത് കൊറോണ ബാധിച്ച് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടില്ല. മരിച്ചതിന് ശേഷമാണ് കൊറോണ സ്ഥിരീകരിച്ചതെന്നതും ഇതിന് തടസമായി. അതേ സമയം ഇവര്‍ക്ക് കൊറോണ ബാധിച്ചതെവിടെ നിന്നാണ് എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. പല സ്ഥലങ്ങളിലൂടേയും പോയിട്ടുള്ളതിനാല്‍ ഇവിടെ എവിടെ നിന്നെങ്കിലുമാകും രോഗം പകര്ന്നതെന്നതാണ് സംശയം. മരണത്തിലേക്ക് നയിച്ചത് കൊറോണ വൈറസാണെങ്കിലും മരിച്ചവരുടെ എണ്ണം കൂടും എന്നതിനാല്‍ ആണ് കണക്കില്‍ നിന്നും ബോധ പൂര്വമൊഴിവാക്കിയത്.
സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
രാജാക്കാട്: കൊറോണ വ്യാപന സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ രാജാക്കാട് ഗ്രാമ പഞ്ചായത്തില്‍ പൂര്‍ണ്ണമായി ഇന്ന് പകല്‍ 12 മുതല്‍ 3 ദിവസത്തേയ്ക്ക് അടച്ചിടും. ജനങ്ങള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ഇന്ന് 12 വരെ സ്ഥാപനങ്ങള്‍ തുറക്കും.
ലോക്ക് ഡൗണ്‍ കാലയളവില്‍ ആളുകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങാതെയും, കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചിട്ടും, വാഹനങ്ങള്‍ ഓടിക്കാതെയും ലോക്ക് ഡൗണുമായി സഹകരിക്കണമെന്നും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്നും പഞ്ചായത്ത് ജാഗ്രത സമിതിക്ക് വേണ്ടി ചെയര്‍പേഴ്സണ്‍ എം.എസ്. സതി അദ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: