ഗ്രനേഡ: 2017ന് ശേഷം കിരീടം വിരളമാണ്, കളിയും മന്ദഗതിയില്‍. തകര്‍ന്നിട്ടില്ലെന്ന് തെളിയിക്കേണ്ട അവസ്ഥ. കൈയെത്തും ദൂരത്ത് പിടിച്ചെടുക്കാവുന്ന ലാ ലിഗ കിരീടം അത്രത്തോളം പ്രധാനമാണ് സിനദിന്‍ സിദാനും സംഘത്തിനും. കൊറോണ ഇടവേളയ്‌ക്കു ശേഷം കളത്തിലേക്ക് തിരിച്ചെത്തിയ റയല്‍ അത്ഭുത ഫോമിലാണ്. ഗ്രനേഡക്കെതിരെ ഇന്നലെ നേടിയ ജയം തുടര്‍ച്ചയായ ഒമ്പതാമത്തേത്. ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ വിജയിച്ചാല്‍ പോലും കിരീടം ഉറപ്പ്. അതിലുമുപരി വമ്പന്‍ തിരിച്ചുവരവായി ഈ മാറ്റത്തെ കായിക ലോകം വിലയിരുത്തും.
ഇന്നലത്തെ മത്സരത്തെ ആദ്യ പകുതി റയലിന്റെയും രണ്ടാം പകുതി ഗ്രനേഡയുടെയും എന്ന് വിശദീകരിക്കാം. ആദ്യ പകുതിയില്‍ ഇരുപത് മിനിറ്റിനുള്ളില്‍ തന്നെ റയല്‍ രണ്ട് ഗോളുകളും നേടി. ഫെര്‍ലാന്‍ മെന്‍ഡിയും ജര്‍മന്‍ താരം കരിം ബെന്‍സേമയും റയലിനായി വലകുലുക്കി. എന്നാല്‍ രണ്ടാം പകുതിയില്‍ ഗ്രനേഡയുടെ ശക്തമായ തിരിച്ചടിയുണ്ടായി. അമ്പതാം മിനിറ്റില്‍ ഡാര്‍വിന്‍ മാച്ചിസ് ഗോള്‍ നേടി. റയലിന്റെ പോസ്റ്റിലേക്ക് ആര്‍ത്തിരമ്പിയ ഗ്രനേഡയെ നായകന്‍ സെര്‍ജിയോ റാമോസും ഗോളി തിബോട്ട് കോര്‍ടിയസും പ്രതിരോധിച്ചു.
നാളെ വിയാറയലിനെതിരെ നടക്കാനിരിക്കുന്ന പോരാട്ടം റയല്‍ മാഡ്രിഡിന് കിരീട മത്സരമാകും. ലെഗാനസിനെതിരായ അവസാന മത്സരം ബാക്കിനില്‍ക്കെ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സയെ പിന്തള്ളി കിരീടം നേടാനുള്ള സുവര്‍ണാവസരം. നിലവില്‍ ബാഴ്‌സലോണയേക്കാള്‍ നാല് പോയിന്റിന് മുന്നിലാണ് റയല്‍. ഇരു ടീമുകള്‍ക്കും രണ്ട് മത്സരം കൂടി. രണ്ടിലും റയല്‍ തോല്‍ക്കുകയും ബാഴ്‌സ ജയിക്കുകയും ചെയ്താല്‍ മാത്രം വിധി ഒരക്കല്‍കൂടി കറ്റാലന്മാര്‍ക്ക് അനുകൂലമായേക്കും. എന്നാല്‍, നാളെ ആഘോഷത്തിന്റെ ദിവസമാണെന്ന് സെര്‍ജിയോ റാമോസ് പ്രഖ്യാപിച്ച് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: