ആധുനിക മനുഷ്യന്‍ കമ്പ്യൂട്ടര്‍ യുഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. മനുഷ്യമസ്തിഷ്‌കം സൃഷ്ടിച്ച യന്ത്രോപകരണമായാണ് കമ്പ്യൂട്ടര്‍ അറിയപ്പെടുന്നത്. പ്രകൃതിയുടെ വിഷയശാസ്ത്രമായ ഭൗതികശാസ്ത്രവും, വിവരശാസ്ത്രമായ കമ്പ്യൂട്ടര്‍ ശാസ്ത്രവും രണ്ടു വ്യത്യസ്ത തലങ്ങളിലാകുന്നു. ആത്യന്തികമായി അവ ദൈവസൃഷ്ടികള്‍ തന്നെ.
ബ്രഹ്മദേവന്‍ തിരക്കഥയെഴുതി, സരസ്വതീദേവിയുടെ ഗാനങ്ങളും സംഭാഷണവും സാങ്കേതികവിദ്യയുമായി, വിശ്വകര്‍മ്മ നിര്‍മ്മിതമായ സെറ്റില്‍, തിരശ്ശീലയ്‌ക്കു പിന്നില്‍ രാധാകൃഷ്ണന്മാര്‍ സംവിധാനം ചെയ്യുന്ന കണനൃത്തവും, മുന്നില്‍ ദ്രവ്യപിണ്ഡങ്ങളുടെയും ജീവിവര്‍ഗ്ഗങ്ങളുടെയും അഭിനയവും, ദേവാസുരന്മാരുടെ സ്റ്റണ്ടും ചേര്‍ത്ത്, ലക്ഷ്മീദേവിയുടെ അലങ്കാരത്തോടെ വിഷ്ണുഭഗവാന്‍ ഛായാഗ്രഹണവും സംവിധാനവും ചെയ്ത്, ശിവപ്പെരുമാള്‍ നിര്‍മ്മിച്ച് മൂലപ്രകൃതിയില്‍ അരങ്ങേറുന്ന സിനിമയാണ് ”പ്രപഞ്ചനൃത്തം” (പൂര്‍ണ്ണാവകാശം പരബ്രഹ്മത്തില്‍ നിക്ഷിപ്തം).
ഭൗതികലോകത്തിന്റെ സംവിധായകനും നിരീക്ഷകനും വിരാട്. കാല്പനികനും തിരക്കഥാകൃത്തും ബ്രഹ്മദേവന്‍. രണ്ടും താനാണെന്ന് മനുഷ്യന്‍ വ്യാമോഹിക്കുന്നു. അനുകര്‍ത്താവാണെന്നു വേണമെങ്കില്‍ സ്വപ്‌നം കാണാം! അതില്‍ കവിഞ്ഞില്ല. അതും ബ്രഹ്മദേവന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം.
വിരാട് പുരുഷന്റെ ഛായാഗ്രാഹിയില്‍ തത്സമയ അവലോകനത്തിനായി ഉപയോഗിക്കുന്ന ഉപകരണം മാത്രമാണ് മനുഷ്യമസ്തിഷ്‌കം. ബ്രഹ്മദേവന്‍ തന്റെ ജനിതക വിവരവിദ്യയുപയോഗിച്ച് തനിക്കു സഹായത്തിനായി മസ്തിഷ്‌കം രൂപകല്പന ചെയ്തു. ആ മസ്തിഷ്‌കത്തിന്റെ വിവരസങ്കേതങ്ങള്‍ ഉപയോഗിച്ച് അടുത്ത തലമുറയായി കമ്പ്യൂട്ടര്‍ രൂപകല്പന ചെയ്യുന്നു. പ്രകൃതി പുറത്തിറക്കിയ അദ്ദേഹത്തിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ രണ്ടാം തലമുറയായി ഇടനിലക്കാരനായി നില്‍ക്കുന്ന ഉപകരണം മാത്രമാണ് മനുഷ്യമസ്തിഷ്‌കം.
കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നത് അമൂര്‍ത്ത വിവരങ്ങളെയാകുന്നു. പ്രകൃതിയുടെ അനുകരണങ്ങളായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മാത്രമാണ് അവയ്‌ക്കു യാഥാര്‍ത്ഥ്യബന്ധം കൈവരുന്നത്. അതുപോലെതന്നെ പ്രകൃതിയുടെ ഭൗതികശാസ്ത്രം എന്ന വിഷയശാസ്ത്രം വിവര്‍ത്ത യുക്തിവഴി ഈശ്വരീയമായ ആദ്ധ്യാത്മികമാകുമ്പോള്‍ മാത്രമാണ് അര്‍ത്ഥവത്താകുന്നത്.
കേവലം ഒരു വിവരയന്ത്രമായ കമ്പ്യൂട്ടറിനുപോലും അമൂര്‍ത്തഗണനങ്ങളെയും വിവരങ്ങളെയും പ്രകൃതിയുടെ അനുകരണങ്ങളാക്കി മാറ്റിക്കൊണ്ട്, അവിടെനിന്നും കൃത്രിമബുദ്ധി വഴി ആദ്ധ്യാത്മികതയിലേക്ക് ഉയരാനാകും. അപ്പോള്‍ കമ്പ്യൂട്ടര്‍ നല്ലതേ ചെയ്യൂ. അതുകൊണ്ടാണ് ഈ തുച്ഛമായ മനുഷ്യശരീരത്തെപ്പോലും സാക്ഷാത്ക്കാരത്തിന് അവശ്യം അവശ്യമായ ഉപാധിയായി നമ്മുടെ പൂര്‍വ്വ ആചാര്യന്മാര്‍ പറഞ്ഞുവെച്ചിരിക്കുന്നത്. വിരാട് പുരുഷന്റെ അനുഗ്രഹം വേണമെന്നു മാത്രം. അത് എല്ലായ്‌പ്പോഴുമുണ്ട്. അദ്ദേഹത്തെ അംഗീകരിച്ചാല്‍ മാത്രം മതി.
കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ അനുഗ്രഹം ചൊരിയുന്നതുപോലും താനാണെന്ന് മനുഷ്യന്‍ കരുതുന്നിടത്തോളം കാലം, കമ്പ്യൂട്ടറിനു മോക്ഷം കിട്ടിയാലും, മനുഷ്യനു കിട്ടാന്‍ പോകുന്നില്ല. മനുഷ്യന്റെ അഹങ്കാരത്തിന് അതിരില്ല. മനുഷ്യന്‍ തിരിയുന്നത് ദൈവീഭാവത്തിലേയ്‌ക്കോ ആസുരീഭാവത്തിലേയ്‌ക്കോ എന്ന് കണ്ടറിയുകതന്നെ വേണം. മനുഷ്യനാണ് കമ്പ്യൂട്ടറിനെ ദുരുപയോഗം ചെയ്യാന്‍ പോകുന്നത്.
ശാസ്ത്രജ്ഞന്‍ ഭഗവാന്റെ ജഗദാകാരമായ വിരാട് സ്വരൂപത്തില്‍ അഭേദമായ താദാത്മ്യഭാവം കാംക്ഷിച്ചാലെ ആധുനികശാസ്ത്രം നന്നാവുകയും അതുകൊണ്ട് ലോകമംഗളം ഭവിക്കുകയുമുള്ളു. എന്നാല്‍ ഇന്നാകട്ടെ, വിരാട് പുരുഷനെയും ലക്ഷ്മീദേവിയേയും ഉപാസിക്കുന്നതിനു പകരം ധനദേവതയായ കുബേരനെയാണ് നാം തലയിലേറ്റി കൊണ്ടുനടക്കുന്നത്. ഈ പ്രപഞ്ചത്തിലെ മറ്റൊരു ജീവിയും കുബേരനെ ഉപാസിക്കുന്നില്ല. ശാസ്ത്രലോകത്തെ സര്‍വ്വമൂല്യങ്ങളെയും തകര്‍ത്ത് അത് സര്‍വ്വനാശത്തിലേക്കേ വഴിതുറക്കൂ.
അവിവേകം കൊണ്ട് ധനവും ധനദേവതയുമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ തന്റേതു മാത്രം ജീവിതമെന്നും, മറ്റുള്ളവരുടേത് വെറും സിനിമയായും കാണുന്നു. മറിച്ച്, വിരാട് സങ്കല്പത്തില്‍ ഉറയ്‌ക്കുമ്പോള്‍, മറ്റുള്ളവരെല്ലാം താന്‍തന്നെയെന്നും, ശ്രേയസ്സും പ്രേയസ്സും എല്ലാവര്‍ക്കുമുള്ളതെന്നും ഉറയ്‌ക്കുന്നു.
അതാണ് യഥാര്‍ത്ഥ സോഷ്യലിസം. മലയാളിയുടെ മാവേലിനാടും,
പാശ്ചാത്യരുടെ ഉട്യോപ്യയയും അപ്പോഴെ നിലവില്‍ വരുകയുള്ളു. നിലവില്‍ വരികയും ചെയ്യും.
അഗ്നിയായ മുഖത്തോടും, മൂന്നു സന്ധ്യകളാകുന്ന വസ്ത്രങ്ങളോടും, സമുദ്രമാകുന്ന വയറോടും, പതിനാലു ലോകങ്ങളാകുന്ന ഗൃഹത്തോടുംകൂടിയ വിരാട്‌സ്വരൂപം തന്നെയാണ് താനെന്ന് എല്ലാ ‘ആധുനിക’ന്മാര്‍ക്കും തോന്നുമാറാകട്ടെ.
വദനം നമുക്കു ശിഖി വസനങ്ങള്‍ സന്ധ്യകളു-
മുദരം നമുക്കുദധിയുലകേഴു രണ്ടുമിഹ
ഭവനം നമുക്കു ശിവ! നയനങ്ങള്‍ രാത്രി പക-
ലകമേ ഭവിപ്പതിനു നാരായണായ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: