തിരുവനന്തപുരം: ഭരണത്തിന്റെ സകല മേഖലകളിലും ‘അവതാരങ്ങള്‍’ ആടിത്തിമര്‍ത്തു. അപ്രതീക്ഷിതമായ ഈ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. ഭരണമുന്നണിയുടെ പ്രത്യേകിച്ചും സിപിഎമ്മിന്റെ അണികളാകെ അമ്പരപ്പിലായിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ശ്മശാന മൂകതയാണ്. യുഡിഎഫ് ഭരണാഭാസങ്ങള്‍ക്കെതിരെ നാടെങ്ങും മാത്രമല്ല നിയമസഭയിലുമെല്ലാം പോരടിച്ച് നേടിയതാണ് ഇടത് ഭരണം. ആ ആഭാസം ഇടത് ഭരണത്തിലും ആവര്‍ത്തിച്ചതിന്റെ നേര്‍തെളിവുകളാണ് പൊതുസമൂഹത്തിലുള്ളത്. ഇതൊക്കെ ചാനലുകളില്‍ ചര്‍ച്ചയാകുമ്പോള്‍ പല ചാനലുകളിലും സിപിഎം പ്രതിനിധികള്‍ പോകുന്നേയില്ല. പോകുന്നവരാകട്ടെ പ്രതികരിക്കുന്നത് ചങ്കിടിപ്പോടെ.
അവതാരകരുടെ ഇടപെടലുകളും ഉപചോദ്യങ്ങളും ഉയരുമ്പോള്‍ ഭീഷണിയും തകര്‍ക്കുത്തരങ്ങളും. ശരിയാംവണ്ണം മറുപടി നല്‍കാതെ പലപ്പോഴും എസി സ്റ്റുഡിയോയിലിരുന്ന് വിയര്‍പ്പ് തുടക്കുന്നതും കാണാന്‍ കഴിയുന്നു. സിപിഎമ്മിനെ പ്രതിനിധാനം ചെയ്ത് ചാനല്‍ ചര്‍ച്ചയ്ക്ക് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ചെല്ലുന്നേതയില്ല. യുവ നേതാക്കളില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്നവരാണ് എം.ബി. രാജേഷും എം. സ്വരാജും എം.എ. റഹീമും ഷംസീറുമൊക്കെ. അവരുടെ ഇപ്പോഴത്തെ അവസ്ഥയാണ് ദയനീയം.
മുഖ്യമന്ത്രിയുടെ ഓഫീസ് ചളമാക്കുകയും അസാന്മാര്ഗിക അവതാരങ്ങള്‍ക്ക് മന്ത്രി മന്ദിരങ്ങളില്‍ കയറി ഇറങ്ങാന്‍ അവസരമൊരുക്കുകയും ചെയ്ത ശിവശങ്കറിനെ കുറിച്ച് പറയുമ്പോള്‍ യുവനേതാക്കള്‍ക്ക് കലികയറും. വലിയ വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കുമെതിരെ ഉയരുന്നത്. തെരുവിലാണെങ്കില് സമരങ്ങളുടെ വേലിയേറ്റമാണ്. എന്നിട്ടും സ്വര്‍ണക്കടത്തിനും അതിലെ പ്രതിനിധികള്‍ക്കും ഒത്താശ ചെയ്തതിനെക്കുറിച്ച് എന്തെങ്കിലുമൊരു പ്രതികരണം വി.എസ്. അച്യുതാനന്ദനില്‍ നിന്ന് ഉയരുമെന്ന് പ്രതീക്ഷിച്ചതാണ്. പക്ഷേ അദ്ദേഹമാകട്ടെ തികഞ്ഞ മൗനത്തിലുമാണ്.
ഒരു ഭരണത്തിലും നടക്കാന്‍ പാടില്ലാത്ത പോക്കണക്കേടാണ് ശിവശങ്കറും സ്വപ്ന സുരേഷും അവരുടെ കിങ്കരന്മാരുമെല്ലാം ചേര്‍ന്ന് നടത്തിയത്. എയര്‍പോര്‍ട്ടിലെ സ്വര്‍ണ കടത്ത് അന്വേഷിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് കസ്റ്റംസാണെന്ന നിലപാട് ശരി. അവരത് ചെയ്യട്ടെ. എന്നാല്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഓഫീസിലെ മറ്റ് ചിലരും കസ്റ്റംസുകാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുണ്ടല്ലൊ. അങ്ങനെ സംഭവിച്ചോ എന്ന് പരിശോധിക്കേണ്ടതും കസ്റ്റംസാണോ? എല്ലാം കസ്റ്റംസും എന്‍ഐഎയും അന്വേഷിക്കട്ടെ എന്ന നിലപാട് നന്നായി. പക്ഷേ ആക്ഷേപം പേറുന്നവരെ മാറ്റിനിര്‍ത്താനെങ്കിലും തയാറാകേണ്ടെ എന്ന സംശയമാണ് സമൂഹത്തില്‍ ആകെ ഉയരുന്നത്.
പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നു എന്നാണ് ആരോപണം. തീ ഇല്ലാതെ പുകയുണ്ടാകുമോ? യഥാര്‍ത്ഥത്തില്‍ ഗീബല്‍സിനെപ്പോലെ പെരുമാറുന്നത് സിപിഎം ജിഹ്വകളാണ്. കസ്റ്റംസിനെ സ്വാധീനിക്കാന്‍ ബിഎംഎസ് നേതാവ് ശ്രമിച്ചെന്നും പ്രതി സന്ദീപ് നായര്‍ ബിജെപിയെന്നും നിരന്തരം പ്രചരിപ്പിക്കുന്നത് അതിന്റെ ഭാഗമാണ്. പ്രതികള്‍ക്ക് അന്വേഷണ ഏജന്‍സികളുടെ സമീപനം മൃദുലപ്പെടുമെങ്കില്‍ അതാവട്ടെ എന്ന് കരുതിക്കാണും. രാഷ്ട്രീയമോ മതമോ നോക്കി നിലപാട് മൃദുവാക്കുന്നതും കടുപ്പിക്കുന്നതും ഇന്നത്തെ കേന്ദ്ര ഭരണത്തില്‍ നടക്കില്ലെന്ന് തിരിച്ചറിയാത്തതാണ് തെറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: