കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഭീകര സംഘടനകള്‍ക്കുള്ള ബന്ധം ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഉറപ്പിച്ചു. ഭീകര പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനാണ് സ്വര്‍ണം കടത്തിയതെന്ന്് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് ഇന്നലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ഈ മാസം 21 വരെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത അട്ടിമറിക്കാനും പ്രതികള്‍ ലക്ഷ്യമിട്ടെന്ന് എന്‍ഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. സ്വര്‍ണം കടത്തുന്നതിന് യുഎഇയില്‍ വ്യാജരേഖ ചമച്ചുവെന്നും എന്‍ഐഎ അറിയിച്ചു. പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്റെ എംബ്ലം, സീല്‍ എന്നിവ വ്യാജമായി നിര്‍മ്മിച്ചു. യുഎഇ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടന്നത്.
നയതന്ത്ര പരിരക്ഷയ്ക്ക് വേണ്ടിയാണ് വ്യാജരേഖ ചമച്ചത്. ഇവര്‍ 2019 മുതല്‍ സ്വര്‍ണം കടത്തിയിട്ടുണ്ട്. നേരത്തെ ഒന്‍പതു കിലോ, 18 കിലോ എന്നിങ്ങനെ സ്വര്‍ണം കടത്തിയതായും എന്‍ഐഎ അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു നടന്നത്. ഇരുവരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ, എന്‍ഐഎ പറഞ്ഞു.
കൊറോണ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് സ്വപ്നയേയും സന്ദീപിനേയും ഇന്നലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ചികിത്സ വേണമെന്ന സ്വപ്നയുടെ ആവശ്യം പരിഗണിക്കാന്‍ എന്‍ഐഎയോട് കോടതി നിര്‍ദേശിച്ചു. സന്ദീപിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് സംശയിക്കുന്നതായി എന്‍ഐഎ അറിയിച്ചു. ഈ കോടതിയുടെ സാന്നിധ്യത്തില്‍ ബാഗ് ഇന്ന് തുറന്നേക്കും. സ്വപ്ന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഫാസില്‍ ഫരീദിന്റെ വിലാസം തിരുത്തി
മൂന്നാം പ്രതി ഫാസില്‍ ഫരീദിനായി വാറന്റ് പുറപ്പെടുവിക്കാനും ഇയാളുടെ മേല്‍വിലാസം തിരുത്താനും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി. ഫാസില്‍ ഫരീദ്, തൈപ്പറമ്പില്‍ വീട് , പുത്തന്പീ
ടിക, തൃശൂര്‍ എന്ന് എഫ്ഐആറില്‍ രേഖപ്പെടുത്താന്‍ കോടതി അനുമതി നല്കി. എന്‍ഐഎ സമര്‍പ്പിച്ച എഫ്ഐആറില്‍ മൂന്നാം പ്രതിയായ ദുബായ്യിലെ വ്യവസായി ഫാസില്‍ ഫരീദ് കൊച്ചി സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്.
സ്വപ്നയേയും സന്ദീപിനെയും കസ്റ്റംസ് പ്രതികളാക്കി
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപിനെയും കസ്റ്റംസ് പ്രതികളാക്കി. രണ്ടാം പ്രതിയാണ് സ്വപ്ന. നേരത്തെ കസ്റ്റഡിയിലായ സരിത്തിനെ ഒന്നാം പ്രതിയായും സന്ദീപ് നായരെ മൂന്നാം പ്രതിയായും റമീസിനെ നാലാം പ്രതിയാക്കിയുമാണ് കസ്റ്റംസിന്റെ പ്രതിപ്പട്ടിക. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റമീസിനെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി ഈ മാസം 27 വരെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: