ചെറുവത്തൂര്‍: കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി പൂട്ടാന്‍ നീക്കം. ഇതിന്റെ ഭാഗമായി വെറ്ററിനറി വിഭാഗത്തിലെ അസിസ്റ്റന്റ് തസ്തികകള്‍ അഗ്രി ഓഫീസര്‍ എന്നാക്കി സര്‍വകലാശാല ഉത്തരവിറക്കി.
പതിനൊന്ന് കറവയുള്ളതുള്പ്പെടെ 19 പശുക്കളും 48 കാസര്‍കോട് കുള്ളനും 90 മലബാറി ആടുകളുമുണ്ടിവിടെ. കൃത്രിമ ബീജസങ്കലനം, ചികിത്സ എന്നിവയ്ക്ക് പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ആശ്രയിക്കുന്ന മൃഗസംരക്ഷണ പരിപാലനകേന്ദ്രം കൂടിയാണിത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മൃഗസംരക്ഷണ പരിപാലന യൂണിറ്റിന് നാല്പത് വര്‍ഷത്തലേറെ പഴക്കമുണ്ട്. പന്നി, മുയല് എന്നിവയുടെ യൂണിറ്റുകളും നേരത്തെയുണ്ടായിരുന്നു.
കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് വിഭജിച്ച് വെറ്ററിനറി സര്‍വകലാശാല സ്ഥാപിച്ചതോടെയാണ് മൃഗാശുപത്രിയുടെ പ്രവര്‍ത്തനവും മൃഗസംരക്ഷണ പരിപാലനവും താറുമാറായത്. നേരത്തെ പിലിക്കോട് കേന്ദ്രത്തിലെ കറവപ്പശുക്കളെ ഒഴിവാക്കാന്‍ നടത്തിയ നീക്കത്തില്‍ നിന്നും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പിന്മാറുകയായിരുന്നു. ഒരു സ്ഥിരം ഡോക്ടര്‍ ഉള്‍പ്പെടെ ഇവിടെ രണ്ട് ഡോക്ടര്‍മാരുണ്ടായിരുന്നു. താത്കാലിക ഡോക്ടര്‍ ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിട്ടു. സ്ഥിരം ഡോക്ടര്‍ മഞ്ചേശ്വരം എക്സ്റ്റന്‍ഷന്‍ സെന്ററിലാണ് ജോലി ചെയ്യുന്നത്. ഒന്നരലക്ഷത്തിലേറെ മാസം ശമ്പളം പിലിക്കോട് കേന്ദ്രത്തില്‍ നിന്നാണ് കൈപ്പറ്റുന്നത്.
25 ലക്ഷം രൂപ ചെലവിട്ട് ഒസജ്ജീകരിച്ച ആധുനിക സൗകര്യമുള്ള കെട്ടിടവും അനുബന്ധ സംവിധാനങ്ങളും മൃഗാശുപത്രിക്കുണ്ട്. ഒരു ഫാം സൂപ്പര്‍വൈസര്‍ക്കും 10 തൊഴിലാളികള്‍ക്കുമാണ് നിലിലുള്ള മില്‍ക്ക് യൂണിറ്റ് നടത്താനുള്ള ചുമതല. കൃത്രിമ ബീജസങ്കലനം, മൃഗചികിത്സ എന്നിവ നേരത്തെ നിര്‍ത്തി. തസ്തിക മാറ്റിയാലും ജീവനക്കാരെ കേന്ദ്രത്തില്‍ നിലനിര്‍ത്തണമെന്നും വെറ്ററിനറി ഡോക്ടറുടെ സ്ഥിരം തസ്തിക അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായും സ്ഥാപനമേധാവി ഡോ.ടി.വനജ പറഞ്ഞു.
യൂണിറ്റ് നടത്തിക്കൊണ്ടു പോകുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വെറ്ററിനറി ഡോക്ടറെ നിയമിക്കാനുള്ള നടപടി സ്വീകരിച്ചതായും അവര്‍ വ്യക്തമാക്കി. പ്രാദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമായ സ്ഥാപനം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: