കൊല്ലം: അഞ്ചല്‍ ഉത്ര കൊലക്കേസിലെ തെളിവെടുപ്പിനിടെ പരസ്യമായി കുറ്റം ഏറ്റുപറഞ്ഞ് ഒന്നാംപ്രതി സൂരജ്. അഞ്ചല്‍ ഉത്ര കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളായ സൂരജ്, പാമ്പു പിടിത്തക്കാരന് ചാവരുകാവ് സുരേഷ് എന്ന സുരേഷ്കുമാര്‍ എന്നിവരെ കൂടുതല്‍ തെളിവെടുപ്പിനായി അഞ്ചല്‍ വനം വകുപ്പ് അധികൃതര്‍ അടൂരിലെ വീട്ടിലെത്തിച്ചപ്പോഴാണ് സൂരജ് മാധ്യമങ്ങളോട് കുറ്റം ഏറ്റുപറഞ്ഞത്. താന്‍ ആണ് ഉത്രയെ കൊന്നതെന്ന് പൊട്ടിക്കരഞ്ഞു കൊണ്ടാണ് ക്യാമറകള്‍ക്കു മുന്നില്‍ സൂരജ് കുറ്റസമ്മതം നടത്തിയത്. മുന്‍പ് താനല്ല ഉത്രയെ കൊന്നതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സൂരജ്. എല്ലാം സത്യസന്ധമായി പോലീസിനോടു പറഞ്ഞിട്ടുണ്ടെന്ന് സുരേഷും പറഞ്ഞു.
പ്രതികളെ ഇന്നലെ ഉച്ചയോടെ അന്വേഷണ ഉദ്യോഗസ്ഥനായ റേഞ്ച് ഓഫീസര്‍ ബി.ആര്. ജയന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അഞ്ചല്‍ വനം റേഞ്ച് ഓഫീസിലെത്തിച്ച് ചോദ്യംചെയ്തിരുന്നു.
ഇന്നും നാളെയും സുരേഷ്കുമാറിന്റെ സ്വദേശമായ പാരിപ്പള്ളി കല്ലുവാതുക്കലിലെത്തിച്ചു കൂടുതല്‍ തെളിവെടുപ്പ് നടത്തും. ഉത്രയെ ആദ്യം കടിപ്പിച്ച അണലി, കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ എന്നീ പാമ്പുകളടെ ആവാസ സ്ഥലങ്ങളിലും പാമ്പുകളെ കൈമാറ്റം നടത്തിയ സ്ഥലത്തും കുറ്റകൃത്യം നടത്തിയ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: