പാലക്കാട്: ജില്ലയിലെ പച്ചക്കറി കര്‍ഷകര്‍ക്ക് ഹോര്‍ട്ടി കോര്‍പ്പ് നല്‍കാനുള്ളത് 39 ലക്ഷം രൂപ. വിഎഫ്പിസികെ വഴി ഹോര്‍ട്ടി കോര്‍പ്പിന് നല്കിയ പച്ചക്കറിയുടെ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്.
2016-17 മുതല്‍ പലസമയങ്ങളിലായി കേരളത്തിലെ ഹോര്‍ട്ടികോര്‍പ്പിന്റെ 15 ഡിപ്പോകളിലേക്കും തക്കാളി, നാളികേരം, വാഴക്കുല ഉള്‍പ്പെടെ എല്ലാവിധ പച്ചക്കറികളും വിവിധ കര്‍ഷക സമിതികളുടെ നേതൃത്വത്തില്‍ വാഹനത്തില്‍ എത്തിച്ചു നല്‍കിയിരുന്നു. ഇതിന്റെ തുകയായ 39,17998 രൂപയാണ് നല്‍കാനുള്ളത്. ഒരു വരള്‍ച്ചയും രണ്ട് പ്രളയവും നല്കിയ ദുരിതങ്ങള്‍ക്ക് പുറമെയാണ് സഹായിക്കേണ്ട വകുപ്പ്തന്നെ കര്‍ഷകരെ ബാധ്യതയിലേക്ക് തള്ളിയിരിക്കുന്നത്. വായ്പയെടുത്തും, സ്ഥലം പാട്ടത്തിനെടുത്തുമാണ് ഭൂരിഭാഗം കര്‍ഷകരും പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്. വിവിധ പച്ചക്കറി കര്‍ഷക സമിതികളിലായി 10000 അംഗങ്ങളാണ് ജില്ലയിലുള്ളത്.
എംഎല്‍എയുടെയും മന്ത്രിമാരുടെയും ഉറപ്പിന്മേലാണ്്് ഹോര്‍ട്ടികോര്‍പ്പ് വഴി വിറ്റഴിച്ചത്. എന്നാലിപ്പോള്‍ കര്ഷകന് വിറ്റവില ലഭിക്കാനുള്ള ഒരു ഇടപെടലും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് പറയുന്നു.
കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചെറിയൊരു തുക മാത്രം അനുവദിക്കുകയും, ബാക്കിതുക കുടിശ്ശികയായിത്തന്നെ വയ്ക്കുകയും ചെയ്തു.
ഉത്പ്പന്നങ്ങളുടെ ബില്‍ തുക ഫോണ്‍ മുഖാന്തിരം പലതവണ ഡിപ്പോ മാനേജര്മാര്ക്കുംം റീജണല്‍ മാനേജര്‍മാര്‍ക്കും നല്‍കിയിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല ജില്ലയില്‍ ഉത്പ്പാദിപ്പിക്കുന്ന പചക്കറികള്ക്ക് കൃത്യമായ സംഭരണം നടക്കുന്നില്ലെന്നും തുച്ഛമായ വിലക്ക് വിറ്റഴിക്കേണ്ട അവസ്ഥയാണെന്നും പറയുന്നു.
ഹൈബ്രിഡ് തക്കാളി വിത്തിന് കിലോക്ക് 35000 രൂപയും, വെള്ളരിക്കയുടെ ഒരു വിത്തിന് നാല് മുതല്‍ ആറ് രൂപ വരെ നല്‍കിയാണ് കര്‍ഷകര്‍ വാങ്ങുന്നത്. ഒരേക്കര്‍ കൃഷിയിറക്കുന്നതിന് 2 ലക്ഷത്തിലധികം രൂപ ചെലവ് വരുന്നുണ്ട്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് തുച്ഛമായവിലക്ക് പച്ചക്കറി കൊണ്ടുവന്ന് ഉദ്യോഗസ്ഥര്‍ വില്‍പ്പന നടത്തുന്നുണ്ടെന്നും പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ പച്ചക്കറി വിറ്റഴിക്കാനുള്ള മാര്‍ഗമില്ലാത്തതിനാല്‍ അഞ്ചേക്കര്‍ വരെ കൃഷിയിറക്കിയിരുന്നത് ഒരേക്കറായി കുറച്ചിരിക്കുകയാണ്. സമിതികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്നും തങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും ജില്ലയിലെ സ്വാശ്രയ കര്‍ഷക സമിതി ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ പറഞ്ഞു.
ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും പണം ലഭിക്കുന്നതുവരെ സമിതി അടച്ചിടാനുള്ള തീരുമാനമെടുക്കേണ്ടിവരുമെന്ന് കണ്‍സോഷ്യം പ്രസിഡന്റ് എന്‍. കുമാരന് ,വിഎഫ്പിസികെയുടെ വിവിധ യൂണിറ്റുകളുടെ പ്രസിഡന്റുമാരായ എം.പ്രജിത്ത്കുമാര്‍ , കെ.എന്‍. ശിവദാസന്‍, പി.റ്റി. തോമസ്, മര്‍ഫി സഹായരാജ്, സല്‍പ്രകാശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: