തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരാഴ്ച തികയുകയാണ്. ലോക്ഡൗണ്‍ വീണ്ടും തുടരുമ്പോള്‍ അന്നന്നത്തെ ആഹാരം കണ്ടെത്താനാവാതെ, അന്തിയുറങ്ങാനിടമില്ലാതെ പോയ ചില മനുഷ്യജന്മങ്ങളുണ്ട്. നമ്പര്‍ വണ്‍ കേരളത്തില്‍ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന നിരാലംബരായവരായ ചില മനുഷ്യര്‍. മിക്ക ദിവസങ്ങളിലും ഇവര്‍ പട്ടിണിയിലാണ്. അതുകൂടാതെ കൊറോണ രോഗം പിടിപെടുമോ എന്നുള്ള ഭയം വേറെയും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിലാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും മേയര്‍ കെ. ശ്രീകുമാറും ഇവരുടെ ദുരിതജീവിതം അറിയണം.
കഴിഞ്ഞ ഞായറാഴ്ച രാത്രി ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും അത് തിങ്കളാഴ്ച രാവിലെ ആറു മണി മുതല്‍ നടപ്പാക്കുകയുമാണ് ഭരണകൂടം ചെയ്തത്. നഗരത്തിനകത്തെ പല കടകളിലും മറ്റും ജോലി ചെയ്തിരുന്നവര്‍ മുതല്‍ കടകളില്‍ നിന്നും വീടുകളില്‍ നിന്നും കിട്ടുന്ന ഭക്ഷണം കഴിച്ച് തെരുവില്‍ ജീവിതം തള്ളി നീക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
അര്‍ധരാത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരില്‍ പലര്‍ക്കും സ്വന്തം നാട്ടില്‍ പോകാന്‍ സാധിച്ചില്ല. അതിനാല്‍ ഇവര്‍ പഴവങ്ങാടി, തകരപ്പറമ്പ് പ്രദേശത്തെ കടത്തിണ്ണകളിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്. ഹോട്ടലുകളോ കടകളോ ഒന്നും പ്രവര്‍ത്തിക്കാത്തതിനാല്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യമായി ആഹാരം പോലും ലഭിക്കാറില്ല. ഇരുചക്രവാഹനങ്ങളോ കാറുകളോ ഇവര്‍ക്കരികിലേക്ക് എത്തിയാല്‍ ഇവര്‍ ആ വാഹനത്തിനരികിലേക്ക് ഓടിവരുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ആദ്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച തിരുവനന്തപുരം നഗരസഭ ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്തെന്ന് അറിയാത്ത മട്ടിലാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഇത്തരത്തിലുള്ളവരെ പാര്‍പ്പിക്കാന്‍ അട്ടക്കുളങ്ങര സ്കൂളില്‍ തിരുവനന്തപുരം നഗരസഭ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ അതും ഉണ്ടായില്ല. ഇവരില്‍ ആര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുപോലെ വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്ന ഒരാള്‍ക്ക് തിരുവനന്തപുരം നഗരത്തില്‍ നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: