തിരുവനന്തപുരം: മെഡിക്കല്‍ കോളേജ്: ഉള്ളൂരില്‍ ദമ്പതികളെ ഡിവൈഎഫ്ഐക്കാര്‍ വീട് കയറി ആക്രമിച്ചു. അക്ഷയ സെന്ററിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഖില്‍ (40), എസ്. ഹരിത (35) എന്നിവരാണ് ആക്രമണത്തിനിരയായത്. മര്‍ദനത്തില്‍ പരിക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പേയിംഗ് ഗസ്റ്റായി ഇവരുടെ വീട്ടില്‍ താമസിച്ചിരുന്ന മലപ്പുറം സ്വദേശികളായ രണ്ട് യുവതികളില്‍ നിന്ന് വാടക ചോദിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം. വൈകിട്ട് 3 ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വിനീഷിന്റെ ഫോണില്‍ നിന്നും ഭീഷണി വന്നു. രാത്രിയോടെ നാല്‍പ്പതോളം വരുന്ന ഡിവൈഎഫ്ഐക്കാര്‍ ഇരുചക്രവാഹനങ്ങളിലെത്തി വീട് കയറി ഇരുവരെയും ആക്രമിക്കുകയായിരുന്നു. പ്രശ്നം പോലീസ് സ്റ്റേഷനില്‍ വെച്ച് ഒത്തുതീര്പ്പാക്കാമന്ന് പറഞ്ഞായിരുന്നു വീട്ടിലെത്തിയുടനെ വിനീഷിന്റെ നേതൃത്വത്തിലെത്തിയവര്‍ പറഞ്ഞത്. ഇത് കേട്ട് പോലീസ്സ്റ്റേഷനിലേക്ക് പോകാനായി ഹരിത ഇറങ്ങുന്നതിനിടയില്‍ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഡിവൈഎഫ്ഐക്കാര്‍ മുകളിലത്തെ നിലയില്‍ നിന്നും ഭര്‍ത്താവിനെ വലിച്ചിഴച്ച് താഴെ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നു. ഭര്‍ത്താവിനെ വളഞ്ഞിട്ട് മര്‍ദിക്കുന്നത് കണ്ട് തടയാനെത്തിയ ഹരിതയെ മുടിക്ക് ചുറ്റിപ്പിടിച്ച് കറക്കി തള്ളിയിട്ടശേഷം ഇവരുടെ അടിവയറ്റിലും മുതുകത്തും ചവിട്ടി. കസേരയെടുത്ത് ഇരുവരേയും അടിച്ചു. സംഭവം കണ്ട് ബുദ്ധിമാന്ദ്യമുള്ള മകന് ആദിത്യനേയും സംഘം ആക്രമിക്കാന്‍ തുനിഞ്ഞു. ഇതിനിടയില്‍ ആദിത്യന് പേടിച്ച് ഓടി മാറിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. കൊറോണ സമയത്ത് വാടക ചോദിക്കുമോയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദിച്ചത്. തങ്ങളാണ് ഭരിക്കുന്നത്. അതുകൊണ്ട് തങ്ങള്‍ പറയുന്നത് കേട്ടാല്‍ മതിയെന്ന് അക്രമിസംഘം പറഞ്ഞുവെന്ന് ഹരിത പറഞ്ഞു.
ആശുപത്രിയിലെത്തിയും സംഘം ഭീഷണിപ്പെടുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവര്‍ക്ക് ഡോക്ടേഴ്സില്‍ നിന്നും കൃത്യമായ പരിചരണം കിട്ടിയില്ലെന്നും ആക്ഷേപവുമുണ്ട്. സംഭവദിവസം രാത്രിയോടെ എത്തിയ ഇവരെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുകയും ഇന്നലെ രാവിലെയോടെ പുതിയ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. ഇവിടെ കൊറോണ സംശയത്തിലെത്തുന്ന രോഗികളെയാണ് അഡ്മിറ്റ് ചെയ്യുന്നത്. അവര്‍ക്കൊപ്പമാണ് ഇവരേയും കിടത്തിയിരിക്കുന്നത്. കൊറോണ രോഗം പകരുമെന്ന ഭയവും ഇവര്‍ക്കുണ്ട്. ഈ വാര്‍ഡിലേക്ക് മാറ്റിയതുകൊണ്ട് പോലീസിന് വാര്‍ഡിലേക്ക് കയറുന്നതിനും ഭയമുണ്ട്. ഇക്കാരണത്താല്‍ അവശതയില്‍ കിടക്കുന്ന തങ്ങള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കണമെന്നാണ് പോലീസ് പറഞ്ഞതെന്ന് ഹരിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: