തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി രാജകുടുംബത്തോടൊപ്പം ഭക്തരും സ്വാഗതം ചെയ്യുന്നു. രാജകുടുംബത്തിന്റെ വിജയമല്ല, മറിച്ച് ഭക്തര്‍ക്ക് ശ്രീ പത്മനാഭ സ്വാമി തന്ന അനുഗ്രഹമാണ് സുപ്രീംകോടതി വിധിയെന്നാണ് രാജകുടുംബാംഗങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം പരമോന്നത നീതിപീഠത്തെ സമീപിച്ചത് ലക്ഷോപലക്ഷം വരുന്ന ശ്രീ പത്മനാഭ സ്വാമിയുടെ ഭക്തര്‍ക്ക് വേണ്ടി കൂടിയായിരുന്നു എന്ന് വ്യക്തം. ശ്രീ പത്മനാഭ സ്വാമിക്ഷേത്ര ഭരണം കൂടി ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുമെന്ന ആശങ്കയും അതിനോടുള്ള എതിര്‍പ്പും ശക്തമായി ഭക്തര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ സുപ്രധാന വിധി. ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡിലൂടെ പിടിച്ചെടുക്കാം എന്ന സര്‍ക്കാര്‍ നീക്കത്തിനേറ്റ തിരിച്ചടികൂടിയാണിത്. വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഈ വിധിയെ ആരുടെയെങ്കിലും വിജയമായോ പരാജയമായോ കണക്കാക്കേണ്ടതില്ല. പകരം, സുപ്രീം കോടതിയ്ക്ക് രാജകുടുംബത്തിലുള്ള വിശ്വാസം മാത്രമായി കരുതുന്നതാവും ഉചിതം. അത്ര ശക്തവും പ്രൗഢവുമാണ് രാജകുടുംബത്തിന്റെ പാരമ്പര്യം. നീണ്ട 13 വര്‍ഷത്തെ കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ ഈ വിധി. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ പുതിയ സമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ ഇടക്കാല സമിതി രൂപീകരിക്കണമെന്നും വിധിയില്‍ പറയുന്നു. അതും സ്വാഗതാര്‍ഹം.
ആത്യന്തികമായി ഈ വിധി ഭക്തകോടികള്‍ക്കാണ് ആശ്വാസമാകുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൊതുക്ഷേത്രം ആണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തില്‍ അവകാശം. ഭഗവാന്റെ സ്വത്ത് കൈക്കലാക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളെ ഭക്തര്‍ ഭയപ്പെട്ടിരുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. വിശ്വാസ സമൂഹത്തിന്റെ വികാരങ്ങള്‍ മാനിക്കാത്ത സര്‍ക്കാരിന്റെ സമീപകാല നടപടികളുടെ പശ്ചാത്തലത്തില്‍ ആ ആശങ്കയ്ക്ക് പ്രസക്തിയുണ്ടുതാനും. ആ ഭയവും ഇപ്പോള്‍ ദൂരീകരിക്കപ്പെട്ടിരിക്കുകയാണ്. ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികള്‍ക്കായിരിക്കണം എന്ന ആവശ്യം ഫലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഹൈന്ദവര്‍ തന്നെ അടങ്ങിയതായിരിക്കണം ഭരണ സമിതിയെന്ന നിര്‍ദ്ദേശം ഇതുമായി ചേര്‍ന്നു പോകുന്നു. രാജഭരണ കാലത്ത് നടപ്പാക്കിയ ക്ഷേത്രപ്രവേശന വിളംബരം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഈ വിധി. ഭരണ കക്ഷിയുടെ നയത്തിനനുസരിച്ച് ക്ഷേത്ര ഭരണത്തിലും ക്ഷേത്ര കാര്യങ്ങളിലും മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന ഈ വിധി തീര്‍പ്പ് ഭാവിയിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ ഫലകമായേക്കാം.
കേരളത്തിന്റെ ചരിത്രത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജനായത്ത ഭരണം വരുന്നതിനും മുന്നേ ജനകീയമായി എപ്രകാരം രാജഭരണം നിറവേറ്റാം എന്നതിന് ഉദാഹരണമാണ് തിരുവിതാകൂര്‍ രാജകുടുംബത്തിന്റെ ഭരണകാലം. ആ ഭരണ മികവ് ഇന്നും നാം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. അത്രത്തോളം വികസനോത്മുഖവും ദീര്‍ഘവീക്ഷണത്തോടും കൂടിയായിരുന്നു ഭരണം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലയിലും കൈയൊപ്പ് ചാര്‍ത്തിയ ഭരണാധികാരികള്‍ ആ പരമ്പരയില്‍ ഉണ്ടായിരുന്നു.
സര്‍വകലാശാല, ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, വാനനിരീക്ഷണ കേന്ദ്രം, അലോപ്പതി ആശുപത്രി, പബ്ലിക് ലൈബ്രറി, ഭൂമി സര്‍വേ, സെന്‍സസ് സംവിധാനം തുടങ്ങി ജനോപകാരപ്രദമായ ഒട്ടനവധി കാര്യങ്ങള്‍ നടപ്പാക്കി. ആയില്യം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്താണ് തിരുവനന്തപുരത്ത് ഗവ.ആര്‍ട്സ് കോളേജ്, സയന്‍സ് കോളേജ്, വെര്ണാക്കുലര് സ്കൂള്‍, ലോ കോളേജ്, ട്രെയിനിങ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍ എന്നിവ നിലവില്‍ വന്നത്.
ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്താണ് തിരുവിതാംകൂര്‍ സര്‍വ്വകലാശാല, തിരുവനന്തപുരം വിമാനത്താവളം, റേഡിയോ സ്റ്റേഷന്, പൊതുഗതാഗത സമ്പ്രദായം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി, നഗരത്തിലെ വൈദ്യുതീകരണം, സ്വാതി തിരുനാള്‍ സംഗീത കോളേജ് തുടങ്ങി സുപ്രധാന ചുവടുവയ്പ്പുകള്‍. 1936ലെ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതും ശ്രീ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയാണ്.
തിരുവിതാംകൂര്‍ മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിങ് കോളേജ്, ആയുര്‍വേദ കോളേജ്, ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി, ആരോഗ്യ രംഗത്ത് ചരിത്രവും വിപ്ലവവും സൃഷ്ടിക്കുന്ന ശ്രീ ചിത്രാ മെഡിക്കല്‍ സെന്റര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങി കേരളത്തിന്റെ വിധി മാറ്റിയെഴുതിയ ഒട്ടനവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചതും തിരുവിതാംകൂര്‍ രാജകുടുംബമാണ്.
ആ ചരിത്ര സത്യത്തെക്കൂടി മാനിക്കാതെ നമുക്ക് കടന്നുപോകാനാവില്ല. ശ്രീ പത്മനാഭ ദാസന് എന്നറിയപ്പെടുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ് ക്ഷേത്രഗോപുരത്തിന്റെ അഞ്ചുനില പൂര്‍ത്തിയാക്കിയതും പൊന്നിന് കൊടിമരം, ഒറ്റക്കല്‍ മണ്ഡപം, ശീവേലിപ്പുര എന്നിവയുടെ നിര്‍മാണവും. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ പരിപാലത്തിനായി ജീവിതം തന്നെ സമര്‍പ്പിച്ച തിരുവിതാംകൂര്‍ രാജകുടുംബത്തിനല്ലാതെ, ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശത്തിന് മാറ്റാര്‍ക്കും തന്നെ അര്‍ഹതയില്ല എന്ന് സംശയലേശമന്യേ പറയാം. ശ്രീ പത്മനാഭ സ്വാമിയില്‍ അവര്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ഫലം കൂടിയാണ് പതിമൂന്ന് വര്‍ഷത്തിന് ശേഷമുള്ള ഈ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: