കണ്ണൂര്‍: കേരളം ഭരിക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെ താവളമാക്കി മാറ്റിയെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍. ഹരിദാസ്. യുവമോര്‍ച്ച കളക്ട്രേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വപ്ന സുരേഷിന് എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിച്ചെല്ലാനുള്ള ധൈര്യം എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് എന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അതിനുത്തരവാദിയെന്നാണ്. അദ്ദേഹം വഴിവിട്ട ജീവിതം നയിച്ചിട്ടുണ്ടെങ്കില് നടപടിയെടുക്കുമെന്നാണ് മുഖ്യ മന്ത്രി പറഞ്ഞതങ്കിലും ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല.
സ്വതന്ത്ര ഭാരതത്തിലിന്നുവരെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും ഇത്തരം കള്ളന്മാരുടെയും കൊള്ളക്കാരുടെയും മാഫിയാ സംഘങ്ങളുടെയും താവളമായി മാറിയിട്ടില്ല. മുഖ്യമന്ത്രി കോവിഡിനെകുറിച്ച് വാതോരാതെ സംസാരിക്കുയാണ്. എന്നാല്‍ കോവിഡ് കാലത്താണ് കോടാനുകോടിയുടെ അഴിമതി നടന്നത്. സ്വര്‍ണ്ണം കടത്തുന്നതിലൂടെ ലഭിക്കുന്ന പണത്തില്‍ വലിയൊരു പങ്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. നേതാക്കന്മാര്ക്കും അവരുടെ മക്കള്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ട്. കേരളാ പോലീസിന്റെ പരിധിയിലാണ് അന്വേഷണമെന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചിന്തിക്കുന്നത്. എന്നാല്‍ എന്‍ഐഎയിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. എന്‍ഐഎ പിണറായിയുടെ കീഴിലല്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
നിയമസഭാ സ്പീക്കര്‍ക്ക് സ്വപ്ന സുരേഷുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. കേവലം ഏതെങ്കിലും ഒരു ഷോപ്പ് ഉദ്ഘാടനം ചെയ്യാനല്ല സ്പീക്കര്‍ പോയത്. സ്വപ്നാ സുരേഷ് വിളിച്ചപ്പോള്‍ ഉദ്ഘാടനത്തിന് പോവുകമാത്രമല്ല ചെയ്തത്. അവര്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്ന് കഴിഞ്ഞു.
കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തിയപ്പോള്‍ അതിന്റെ സംഘാടകയായി തോമസ് ഐസക്ക് ചുമതലപ്പെടുത്തിയത് സ്വപ്നയെയാണ്. 2017 മുതല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വിദേശത്ത് പോകുമ്പോള്‍ കൂടെ കൊണ്ട് പോയത് സ്വപനയെയാണ്. ഇവിടെയെത്തുന്ന ചുവപ്പ് സ്വര്‍ണ്ണം തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ട് പോയതും കേരളത്തിലെ നേതാക്കളുടെ അറിവോടെയാണ്. ഏകാധിപതിയായ പിണറായിയെ പാര്‍ട്ടി സെക്രട്ടറി കോടിയേരിക്ക് പോലും ഭയമാണ്. എന്നാല്‍ ജനരോഷത്തില്‍ നിന്ന് സിപിഎമ്മിന് രക്ഷപ്പെടാന്‍ സാധിക്കില്ല. എന്‍ഐഎ അന്വേഷണം ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തുകൊണ്ടുവരും. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ന്യൂനപക്ഷ പ്രേമം കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും ഈ പൊയ്മുഖം നാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: