ആത്മസ്വരൂപ വിവരണം തുടരുന്നു.
ശ്ലോകം 223
ബ്രഹ്മാഭിന്നത്വവിജ്ഞാനം
ഭവമോക്ഷസ്യ കാരണം
യേനാദ്വിതീയമാനന്ദം
ബ്രഹ്മ സമ്പദ്യതേ ബുധൈഃ
ബ്രഹ്മത്തില്‍ നിന്ന് ഭിന്നമല്ല ആത്മാവ് എന്ന അനുഭവജ്ഞാനം കൊണ്ടേ സംസാരത്തില്‍ നിന്ന് മുക്തി ലഭിക്കൂ. അദ്വിതീയമാനന്ദമായ അതിനെ അറിഞ്ഞവര്‍ ബ്രഹ്മമായിത്തീരുന്നു. ബ്രഹ്മം അഥവാപരമാത്മാ ചൈതന്യം തന്നെയാണ് താന്‍ എന്ന് ബോധ്യപ്പെടുന്ന അനുഭവജ്ഞാനം നേടുക തന്നെ വേണം. സംസാരത്തെ മറികടക്കാന്‍ അതല്ലാതെ മറ്റൊന്നുമില്ല. വ്യഷ്ടി ചൈതന്യമായ ജീവഭാവം സമഷ്ടി ചൈതന്യമായ ബ്രഹ്മത്തില്‍ ലയിക്കണം. എന്നിലെ സത്തയായ ആത്മചൈതന്യവും ജഗത്തിന്റെ സത്തയായ പരമാത്മാ ചൈതന്യവും ഒന്നു തന്നെയെന്ന് അനുഭവമാകണം. ഇത് അപരോക്ഷ അനുഭൂതിയാണ്. അഹം ബ്രഹ്മാസ്മി- ഞാന്‍ ബ്രഹ്മമാണ് എന്നത് സ്വയമനുഭവമാകണം. യാതൊരു വിധ ഉപാധികളുടെ അപേക്ഷയുമില്ലാത്ത അനുഭവ ജ്ഞാനമാണിത്. ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി എന്ന ശ്രുതി വാക്യമനുസരിച്ച് ബ്രഹ്മഭാവം തന്നെയാണ് മോക്ഷം. ശാസ്ത്രത്തില്‍ ജീവാത്മാവും പരമാത്മാവും ഒന്ന് തന്നെയെന്ന് പറഞ്ഞാലും ആ അറിവ് നമ്മുടെ അനുഭവമായി മാറണം. അപ്പോള്‍ മാത്രമാണ് വിജ്ഞാനമായിത്തീരുക. എല്ലാറ്റിലും കുടികൊള്ളുന്ന ചൈതന്യം ഒന്നു മാത്രമാണ്. ആനന്ദസ്വരൂപനായ ബ്രഹ്മം തന്നെയാണത്. വിവേകികളായവര്ക്ക് ജീവനും ബ്രഹ്മവും തമ്മിലുള്ള ഐക്യത്തെ സാക്ഷാത്കരിക്കാന്‍ കഴിയും.
ഇത് തന്നെ പരമാനന്ദം. ലോകത്ത് വിവിധ വസ്തുക്കളുമായി ബന്ധപ്പെട്ട് വിഷയാനന്ദമനുഭവിക്കുന്നവര്ക്ക് ഇത് അറിയാന്‍ പ്രയാസമാണ്. ബ്രഹ്മത്തിന്റെ സ്വരൂപം തന്നെയാണ് ആനന്ദം. ബ്രഹ്മാനന്ദത്തെ നേടിയ വിവേകികള്‍ക്ക് സംസാരമുക്തി താനെ കൈവരും.
ശ്ലോകം 224
ബ്രഹ്മഭൂതസ്തു സംസൃതൈ്യ
വിദ്വാന് നാവര്‍ത്തതേ പുനഃ
വിജ്ഞാതവ്യമത: സമ്യഗ്
ബ്രഹ്മാഭിന്നത്വമാത്മനഃ
ബ്രഹ്മമായിത്തീര്‍ന്ന ജ്ഞാനി പിന്നീട് സംസാരത്തിലേക്ക് മടങ്ങിവരുന്നില്ല. അതിനാല്‍ ഞാനും ബ്രഹ്മവും ഒന്നെന്ന അനുഭവം ശരിക്കും സാക്ഷാത്കരിക്കണം. ബ്രഹ്മമായിത്തീരുന്നതിനെയാണ് ബ്രഹ്മഭൂതം എന്ന് വിശേഷിപ്പിക്കുന്നത്. ഭഗവദ്ഗീതയില്‍ ഈ പ്രയോഗം കാണാം. ഗീത 5, 6, 18 അദ്ധ്യായങ്ങളില്‍ ബ്രഹ്മഭൂതമെന്ന പദം ഉപയോഗിച്ചിട്ടുണ്ട്. നദി അതിന്റെ രൂപവും ഭാവവും പേരുമൊക്കെ വിട്ട് വിശാലമായ സമുദ്രത്തില്‍ ചേരുന്നതുപോലെ ജീവന് പരിമിതമായ വ്യക്തിത്വം വിട്ട് അപരിമേയമായ ബ്രഹ്മമായി മാറുന്നു. സംസാരത്തിലേക്ക് പിന്നൊരു തിരിച്ചുവരവില്ല. ന സ പുനരാവര്ത്തതേ എന്ന് ശ്രുതി വാക്യമുണ്ട്. പുനരാവര്‍ത്തിയില്ലാത്ത പദമാണ് എന്ന് ഗീതയും പറയുന്നുണ്ട്.
ആത്മസാക്ഷാത്കാരം നേടിയ മഹാത്മാവ് നമ്മുടെ ഇടയില്‍ കഴിയുന്നുണ്ടാകാം. അദ്ദേഹത്തെ ഒരിക്കലും ഈ സംസാരം ബാധിക്കില്ല. അതിനാല്‍ എല്ലാ സാധകരും ഈ ബ്രഹ്മാനുഭൂതിയെ നേടുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: