കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ബെംഗളൂരുവില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്ത രണ്ടാംപ്രതി സ്വപ്ന സുരേഷിനെയും നാലാംപ്രതി സന്ദീപ് നായരെയും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി മൂന്നുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍നിന്ന് റോഡ്്മാര്‍ഗം കൊച്ചിയിലെത്തിച്ച് കൊറോണ പരിശോധനയ്ക്കുശേഷമാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായ സ്വപ്നയെ തൃശൂര്‍ ഫാത്തിമ നഗര്‍ അമ്പിളിക്കലയിലെയും സന്ദീപ് നായരെ അങ്കമാലി കറുകുറ്റിയിലെ അഡ്ലക്സിലെയും കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി. കൊറോണ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.
ഇരുവരെയും പത്തു ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്നലെ തന്നെ എന്‍ഐഎ പ്രത്യേക കോടതിയില്‍ അപേക്ഷ നല്കി. കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും അതിവേഗം നടത്താനുള്ള ഒരുക്കങ്ങള്‍ എന്‍ഐഎ പൂര്‍ത്തീകരിച്ചതായാണ് സൂചന. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവരെയും വൈദ്യ പരിശോധനയ്ക്കുശേഷം കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ ബെംഗളൂരുവില്‍നിന്ന് രണ്ട് വാഹനങ്ങളിലായാണ് എന്‍ഐഎ സംഘം പ്രതികളെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്.
ഉച്ചയോടെ ആലുവ താലൂക്കാശുപത്രിയില്‍ എത്തിച്ച് കൊറോണ പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. തുടര്‍ന്ന് കടവന്ത്രയിലെ എന്‍ഐഎ ആസ്ഥാനത്ത് കൊണ്ടുവന്നു. അവിടെനിന്ന് വൈകിട്ട് നാലോടെയാണ് കലൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണ കുമാറിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് റിമാന്‍ഡില്‍ അയയ്ക്കുകയായിരുന്നു. എന്‍ഐഎക്കുവേണ്ടി സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അര്ജുന് അമ്പലപ്പറ്റ ഹാജരായി. കോടതി ഏര്‍പ്പാടാക്കിയ അഡ്വ. വിജയമ്മ പ്രതികള്‍ക്കുവേണ്ടി ഹാജരായി.
അന്താരാഷ്ട്ര പ്രാധാന്യമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്ന തീവ്രവാദബന്ധം സംശയിക്കുന്നതുമായ കേസിന്റെ പ്രത്യേക പ്രാധാന്യംകണക്കിലെടുത്താണ് അവധിദിവസവും കോടതി പ്രവര്‍ത്തിച്ചത്. ആദ്യം ഓണ്‍ലൈനില്‍ പ്രതികളെ ഹാജരാക്കാനാണ് ആലോചിച്ചിരുന്നത്. അന്വേഷണത്തിന് നേതൃത്വം നല്കുന്ന എന്‍ഐഎ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ള, അഡീഷണല്‍ എസ്പി ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നത്. എന്‍ഐഎ ആസ്ഥാനത്തും പ്രത്യേക കോടതി പരിസരത്തും കനത്ത സുരക്ഷയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: