കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ ക്രമക്കേട് കാട്ടിയ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഇന്ന് വൈകിട്ട് 3ന് ചേരുന്ന ബാങ്ക് ഭരണസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സിപിഎമ്മുകാരനായ കല്ലേലി ബ്രാഞ്ച് മാനേജര്‍ ജയരാജിനെ സസ്പെന്‍ഡ് ചെയ്യാനാണ് സിപിഐ ബാങ്ക് സബ് കമ്മിറ്റി യോഗം തീരുമാനിച്ചത്. സിപിഐക്കാരനായ സെക്രട്ടറി കെ. അശോക് കുമാറിനെയും അവണൂര്‍ ബ്രാഞ്ച് മാനേജര്‍ ഷീബാസുരേഷിനെയും സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്‍പ്രകാരം ബാങ്ക് സെക്രട്ടറിക്ക് നോട്ടീസ് നല്കി മറുപടി കിട്ടുന്ന മുറയ്ക്ക് സസ്പെന്‍ഡ് ചെയ്യാമെന്ന് സിപിഐയില്‍ ധാരണയുണ്ടായിട്ടുണ്ട്.
സ്ഥിരനിക്ഷേപ തുകയുടെ അധികാരി ബാങ്ക് സെക്രട്ടറി ആയിരിക്കെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇദ്ദേഹത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അശോക് കുമാറിനെ സസ്പെന്‍ഡ് ചെയ്യുന്നതോടെ ഷീബാ സുരേഷിന് സെക്രട്ടറിയുടെ ചുമതല നല്‍കാനാണ് രഹസ്യനീക്കം. ഇത് അനുവദിക്കേണ്ടെന്നാണ് സിപിഎം നിലപാട്. ഭരണസമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ യോഗം അലസിപ്പിരിയും.
ബാങ്കില്‍ ക്രമക്കേട് നടന്നതായി ഭരണസമിതി അംഗീകരിക്കുന്നുണ്ട്. ക്രമക്കേടുകളും തട്ടിപ്പും മരണപ്പെട്ട ജീവനക്കാരന്റെ തലയില്‍ വച്ചുകെട്ടാനുള്ള ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടിില്ല. തുടര്‍ന്നാണ് നടപടി എടുക്കാന്‍ ആലോചന നടത്തിയത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗത്തിന്റെ ഭാര്യയും കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അവണൂര്‍ ബ്രാഞ്ച് മാനേജരെ സംരക്ഷിക്കുന്ന നിലപാടിലേക്ക് ഭരണസമിതി എത്തിയത് പാര്‍ട്ടിക്കുള്ളിലും അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.
ബാങ്കില്‍ ക്രമക്കേട് നടത്തിയ ആള് ബ്ലോക്ക് വൈസ് പ്രസിഡന്റായി തുടരുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഒരു രാഷ്ട്രീയസംഘടന കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലും ധര്‍ണാ സമരം സംഘടിപ്പിക്കുന്നുണ്ട്. ബാങ്കിന്റെ തൊട്ടുമുമ്പ് പ്രസിഡന്റായിരുന്ന യമുന ഗോപാലകൃഷ്ണന്റെ കാലത്താണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നിട്ടുള്ളത്. ഇതിനുശേഷം പി.എസ്. സുരേഷ് ബാങ്ക് പ്രസിഡന്റായി ഒരു വര്‍ഷമായി തുടരുമ്പോഴും അഴിമതിക്ക് കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. ഭരണസമിതിയിലെ ചിലര്‍ക്ക് ക്രമക്കേടില്‍ ബന്ധമുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: