കൊട്ടിയം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന്‍ മരിച്ചു. വാളത്തുംഗല്‍ ആലക്കാലില്‍ സരിഗയില്‍ റിട്ട. കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് എം. ത്യാഗരാജന്‍ (74) ആണ് മരിച്ചത്.
ആറാം തീയതി മുതല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ചുമ, ശ്വാസതടസ്സം എന്നിവയുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തുകയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒമ്പതാം തീയതി പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
പ്രമേഹം, ചുമ, ശ്വാസതടസ്സം എന്നിവ കലശലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കുകയും പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സകള്‍ നടത്തിയെങ്കിലും ഇന്നലെ മരിച്ചു. ഭാര്യ: ഹരിപ്രിയ (റിട്ട. ടീച്ചര്‍, എല്‍പിഎസ് ദേവിവിലാസം, കൂനമ്പായിക്കുളം). മക്കള്‍: ഷൈജു രാജ്, ഷീജ രാജ്, ഷീബ രാജ്. മരുമക്കള്‍: സിനി, ഹരി, രഞ്ജിത്ത്.
തോട്ടില്‍ മരിച്ചനിലയില്‍ കണ്ട സ്ത്രീയുടെ സ്രവപരിശോധനാഫലം പോസിറ്റീവ്
കുണ്ടറ: കിഴക്കേ കല്ലട തൊട്ടിക്കരയില്‍ തോട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ട സ്ത്രീയുടെ സ്രവപരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ പോലീസ് ഓഫീസര്‍മാരും ആംബുലന്‍സ് ഡ്രൈവറും മരിച്ച സ്ത്രീയുടെ ബന്ധുക്കളും ക്വാറന്റൈനില്‍ പ്രവേശിച്ചു.
ഇളവൂര്‍ പള്ളിമണ്‍ വിമല്‍ നിവാസില്‍ പരേതനായ വേണുഗോപാലിന്റെ ഭാര്യ ഗൗരിക്കുട്ടി(75) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ന് നാട്ടുകാരാണ് ചിറ്റുമല തൊട്ടിക്കരയ്‌ക്കുസമീപം കാവില്‍കടവ് ഭാഗത്ത് തോട്ടില്‍ ഒഴുകി നടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ശാസ്താംകോട്ടയില്‍ നിന്നെത്തിയ ആംബുലന്‍സ് ഡ്രൈവറും സഹായിയുമാണ് മൃതദേഹം തോട്ടില്‍നിന്ന് പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
വെള്ളിയാഴ്ച രാത്രി ഗൗരിക്കുട്ടിയുടെ മകന്‍ ഷാജിയാണ് കിഴക്കേ കല്ലട പോലിസ് സ്റ്റേഷനിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. ഷാജിയോടൊപ്പം കാറില്‍ മൂന്നുപേരുമുണ്ടായിരുന്നു. ഇവരെല്ലാം ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെ സ്രവപരിശോധനാഫലം ലഭിച്ചശേഷം കിഴക്കേ കല്ലട പോലിസ് സ്റ്റേഷനില്‍നിന്ന് എസ്‌ഐയും ഒരു വനിതാ സിപിഒയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തി. ഇവര്‍ പിപിഇ കിറ്റ് ധരിച്ചശേഷം ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് ഇരുവരും ക്വാറന്റീനില്‍ പ്രവേശിച്ചു. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: