ഉദുമ: നന്ദികേശന് ഇത്തവണ പത്താം ക്ലാസിലാണ്. സഹപാഠികള്‍ വീടുകളിലിരുന്ന് സ്മാര്‍ട് ഫോണ്‍, ടിവിയില്‍ എന്നിവയില്‍ നോക്കി പഠിക്കുമ്പോള്‍ നിസ്സഹായനായി ഇരിക്കാനേ കഴിയുകയുള്ളു. കണ്ണിന് കാഴ്ചയില്ലാത്തത് കാരണം കേട്ട് പഠിച്ചാണ് നന്ദികേശന് പത്താം ക്ലാസിലെത്തിയത്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനായി അടുത്ത വീടിനെയാണ് ആശ്രയിക്കുന്നത്. മത്സ്യതൊഴിലാളിയായ നിഷാന്ത് ശാലിനി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ബേക്കല്‍ ഗവ.ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ നന്ദികേശന്.
പഠിക്കാന്‍ മിടുക്കനാണ്. നന്ദികേശന് ജന്മനാ കാഴ്ച വൈകല്യമുള്ളതിനാല്‍ ചികിത്സ മുടങ്ങാതെ നടത്തണം. ഹൃദയ വാല്‍വിന് തകരാറ് കണ്ടതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ഓപറേഷന് നടത്തിയിരുന്നു. അന്ന് ആശുപത്രി അധികൃതര്‍ സഹായിച്ചെങ്കിലും ഒരുലക്ഷത്തോളം രൂപ കൈയ്യില്‍ നിന്നും ചെലവായി. കണ്ണിന്റെ പരിശോധനയ്ക്കായി ആറ് മാസത്തിലൊരിക്കല്‍ കോയമ്പത്തൂരിലെ കണ്ണാശുപത്രിയിലും പോകണം. മറ്റ് കുട്ടികളെ പോലെ നടന്ന് സ്കൂളില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ ദിവസേന ഓട്ടോയ്ക്ക് 50 രൂപ നല്‍കിയാണ് സ്കൂളിലേക്ക് പോയി വരുന്നത്. നന്ദികേശന് ലഭിക്കുന്ന വികലാംഗ പെന്ഷന് മരുന്നിന് പോലും തികയുന്നില്ല.
നിഷാന്ത് മത്സ്യ ബന്ധനത്തിന് പോയികിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. പിതാവ് ബാബുവും മാതാവ് പ്രേമയും ഇവരോടപ്പമാണ് താമസം. നന്ദികേശന് സഹോദരങ്ങളായ നവീണ്‍ ആറാം ക്ലാസിലും നീരജ് രണ്ടാം ക്ലാസിലും പഠിക്കുന്നു. സ്വന്തമായി വീടുമില്ല. താമസിക്കുന്നത് കോട്ടിക്കുളം റേഷന്‍ കടയ്ക്ക് സമീപത്തുള്ള പീടികയുടെ പിന്നില്‍ ഒറ്റമുറിയിലാണ് താമസം. വൈദ്യുതി പോലുമില്ലാത്തതിനാല്‍ പകല്‍ നേരത്ത് പോലും അരണ്ട വെളിച്ചം മാത്രമേ ഈ മുറിയില്‍ കിട്ടുന്നുള്ളു.
ചോര്‍ന്നൊലിക്കുന്നതിനാല്‍ മേല്കൂരയില് പ്ലാസ്റ്റിക് മേഞ്ഞിരിക്കുകയാണ്. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കടയുടെ പിന്നില്‍ ഏകദേശം നാല്പത് വര്‍ഷത്തോളമായി ഈ കുടുംബം താമസം തുടങ്ങിയിട്ട്. പഴക്കം ചെന്ന കെട്ടിടമായതിനാല്‍ വാടക പിരിക്കാന്‍ കെട്ടിട ഉടമയും വരാറില്ല. സ്വന്തമായി താമസ യോഗ്യമായ ഭൂമിയില്ലാത്തതിനാല്‍ ഏങ്ങോട്ട് പോകണമെന്നറിയാതെ ജീവിതം തള്ളി നീക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന പഴകി പൊളിഞ്ഞുവീഴാറായ ഈ കടമുറിക്കുള്ളില്‍ ജീവന് പണയം വെച്ചാണ് ഈ കുടുംബം കഴിഞ്ഞ് കൂടുന്നത്. സുമനസുകള്‍ സഹായിച്ചാല്‍ മാത്രമേ ഈ കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീട് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: