പന്തീരാങ്കാവ്: ഒളവണ്ണ മാത്തറയില്‍ ശനിയാഴ്ച രാത്രി നിരവധി സ്ഥാപനങ്ങളില്‍ കള്ളന് കയറി. പൂട്ടുകള്‍ തകര്‍ത്താണ് കള്ളന് അകത്ത് കടന്നത്. മാത്തറയിലെ സിയാദ് എന്റര്‍പ്രൈസില്‍ നിന്നും 185000 രൂപ നഷ്ട്ടപ്പെട്ടെന്ന് സ്ഥാപന ഉടമ പറഞ്ഞു.
ബിസിനസ് ആവശ്യാര്‍ത്ഥം സ്വര്‍ണം പണയപ്പെടുത്തി സമാഹരിച്ച പണമാണ് നഷ്ടപ്പെട്ടതെന്നും ഉടമ പറഞ്ഞു. മാത്തറ ഫാത്തിമ ബില്‍ഡിംഗിലെ ക്ലാസിക് ഓണ്‍ലൈന്‍, ജിയോ ടെക് ബില്‍ഡേഴ്സ്, മാത്തറ റോഡിലെ ജന സേവന പോളിക്ലിനിക് അടക്കം 11 കടകളിലാണ് കള്ളന് കയറിയത്. ലഭ്യമായ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ കൂടുതല്‍ പേര് ഉണ്ടാകുമെന്നാണ് പോലിസിന്റെ നിഗമനം.
രാത്രി ഒരു മണിക്കും നാലു മണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു . സിസിടിവിയില്‍ പതിഞ്ഞ ആള് മാസ്കും തലയില്‍ തുണിയും ചുറ്റിയിട്ടുണ്ട്. ഈ സമയത്ത് മാത്തറ ജംഗ്ഷനില്‍ നിന്നും തിരിച്ച് പോകുന്ന ഒരു കാറും ദൃശ്യങ്ങളില്‍ ഉണ്ട്. പന്തീരങ്കാവ് എസ്ഐ വിനായകനും സംഘവും സ്ഥലത്തെത്തി അന്വേഷണം അരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ മോഷണസംഘത്തെ അറസ്റ്റുചെയ്ത ദിവസം തന്നെയാണ് ഈ മോഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: