തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ കേസില്‍ നിര്‍ണായക നീക്കങ്ങളുമായി എന്‍ഐഎ. സ്വപ്‌നയുടേയും സന്ദീപിന്റേയും സരത്തിന്റേയും ഫോണ്‍ കോളുകള്‍ പരിശോധിച്ച സംഘത്തിന് ലഭിച്ചത് ഈ കൊള്ളസംഘത്തിന് സംസ്ഥാന സര്‍ക്കാരിലെ പല ഉന്നതരുമായുള്ള ദൃഢബന്ധത്തിന്റെ സൂചനകളാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയി ഇരിക്കെ എം. ശിവശങ്കറുമായി നിരവധി തവണ സ്വപ്‌ന ബന്ധപ്പെട്ടിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഫോണ്‍ കോളുകളുടെ തെളിവുകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതിനാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇരിക്കെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും മുഖ്യമന്ത്രിക്കു വേണ്ടി ചില ഫയലുകള്‍ തയാറാക്കിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ സംഘത്തിന് ശേഖരിക്കേണ്ടതുണ്ട്. അതിനാല്‍, ശിവശങ്കര്‍ വിഷയത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചേയ്യേണ്ട സാഹചര്യം ഉരുത്തിരിഞ്ഞെന്ന് എന്‍ഐഎ വിലയിരുത്തുന്നു. അതിനാല്‍, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അതു എപ്രകാരം കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാന്‍ എന്‍ഐഎ സംഘത്തിന്റെ നിര്‍ണായക യോഗം വരുംദിവസങ്ങളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടേതാണ് ഉത്തരവ്.
ഇന്ന് രാവിലെയാണ് റമീസിനെ ഈ കോടതിയില്‍ ഹാജരാക്കിയത്. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ മറ്റന്നാള്‍ സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിനെ പ്രതിചേര്‍ത്തു. എഫ്‌ഐആര്‍ പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയുമാണ്. സന്ദീപാണ് നാലാം പ്രതി.
സ്വപ്നയ്‌ക്കും സന്ദീപിനും എതിരായ കൂടുതല്‍ തെളിവുകള്‍ എന്‍ഐഎ സംഘം ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കായുള്ള എന്‍ഐഎ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. സ്വര്‍ണ കള്ളകടത്തില്‍ വന്‍ ഗൂഢാലോചന വെളിവാക്കുന്ന ചില കാര്യങ്ങള്‍ എന്‍ഐഎ ഇന്ന് കോടതിയെ അറിയിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: