ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ യുവനേതാക്കളില്‍ പ്രമുഖരായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന് പൈലറ്റും. ഒരുകാലത്ത് രാഹുല്‍ ഗാന്ധി ബ്രിഗേഡിലെ തലതൊട്ടപ്പന്മാര്. അവഗണന സഹിക്കാതെ കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ ബിജെപിയില്‍ എത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. തൊട്ടുപിന്നാലെ അതേമാര്‍ഗത്തില്‍ സച്ചിന് പൈലറ്റും. കോണ്‍ഗ്രസ് നേതൃത്വവുമായും മുഖ്യമന്ത്രി അശോക് ഗലോട്ടുമായും നല്ലരീതിയില്‍ ഇടഞ്ഞു നില്ക്കുന്ന രാജസ്ഥാന് ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന് പൈലറ്റ് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി ഇന്നുതന്നെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിന് പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎല്‍എമാരും ഇന്നലെ രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച ജയ്പുരില്‍ ചേരുന്ന കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തില്‍ നിന്നു സച്ചിനും കൂട്ടാളികളും വിട്ടുനില്‍ക്കുമെന്ന വ്യക്തമായതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരും പതനത്തിലേക്കാണെന്നു വ്യക്തമാവുകയാണ്.
തന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ക്കൊപ്പം ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് ദല്‍ഹിയിലെത്തിയിരുന്നു. സച്ചിന് പൈലറ്റ് ഉള്‍പ്പടെയുള്ള ഇരുപതിലധികം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമോ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസിനെ പിളര്‍ത്തുമോ എന്നതു മാത്രമാണ് അറിയാനുള്ളത്. രാജസ്ഥാന് നിയമസഭയില്‍ 200-ല്‍ 107 സീറ്റുകളാണ് കോണ്‍ഗ്രസിന്. 12 സ്വതന്ത്രന്മാരുടെ പിന്തുണയും രാഷ്ട്രീയ ലോക് ദള്‍, സിപിഎം, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരുടെ പിന്തുണയൊടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.
2018 ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ യുവ നേതാവായ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ തര്‍ക്കത്തിനൊടുവില്‍ അശോക് ഗെഹ്ലോട്ടിനെയാണ് മുഖ്യമന്ത്രിയാക്കിയത്. ഗാന്ധി കുടുംബത്തോടുള്ള കൂറുമാത്രമാണ് കണക്കിലെടുത്തത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച സച്ചിന് പൈലറ്റിന് ഉപമുഖ്യമന്ത്രി, സംസ്ഥാന കോണ്‍ഗ്രസ് മേധാവി എന്നീ പദവികള്‍ നല്കി ആശ്വസിപ്പിച്ചു..
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള പൈലറ്റിന്റെ അഭിപ്രായ വ്യത്യാസം ഭരണത്തെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം ലോക് സ്ബാഹ തിരഞ്ഞെടുപ്പിന് ശേഷം മകന്റെ പരാജയത്തിന് പൈലറ്റിനെ ഗെലോട്ട് കുറ്റപ്പെടുത്തി. ”പൈലറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കണം,” മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അഭിപ്രായ ഭിന്നതകള്‍ കഴിഞ്ഞ ദിവസം അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൈലറ്റ് വ്യക്തമാക്കിയിരുന്നു. എന്നിട്ടും കാര്യമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. തുടര്‍ന്നാണ് സച്ചിന് പൈലറ്റ് കലാപക്കൊടി ഉയര്‍ത്തിയത്. അവഗണന സഹിച്ച് ഇനിയും തുടരാനില്ലെന്ന് സച്ചിന് തന്റെ സുഹൃത്തുക്കളോടും പാര്‍ട്ടി നേതാക്കളോടും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: