മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയുടെ കൊറോണ പ്രതിരോധത്തിലെ മികവിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം എത്ര ശക്തമായാലും നിയന്ത്രണവിധേയമാക്കാമെന്നതിന് ലോകത്ത് നിരവധി മാതൃകകളുണ്ടെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
ഇറ്റലി, സ്പെയ്ന്‍, ദക്ഷിണ കൊറിയ, മുംബൈയിലെ തിരക്കേറിയ ചേരിപ്രദേശമായ ധാരാവി എന്നിവ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹവ്യാപനം തടയുന്നതിന് ഇവിടെ സ്വീകരിച്ച ശക്തമായ നടപടികളാണ് ഇതിന് സഹായിച്ചത്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന മുഴുവന്‍ പേരെയും പരിശോധിച്ച്, അവരെ ഐസൊലേറ്റ് ചെയ്ത്, രോഗം കണ്ടെത്തുന്നവര്‍ക്ക് മുഴുവന്‍ ചികിത്സ നല്‍കിയാണ് വൈറസ് വ്യാപനത്തിന്റെ കണ്ണികള്‍ മുറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വ്യാപനം തടയുന്നതിന് ശക്തമായ നേതൃത്വവും സമൂഹത്തിന്റെ പിന്തുണയും ആവശ്യമാണെന്നും ഗെബ്രിയേസസ് പറഞ്ഞു. ധാരാവിയില്‍ ഏപ്രില്‍ ഒന്നിന് വൈറസ് വ്യാപനം തുടങ്ങിയ ശേഷം ഇതാദ്യമായി കഴിഞ്ഞ ദിവസം ഒരാള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണം ഒറ്റ അക്കത്തില്‍ നിര്‍ത്താന്‍ ധാരാവിക്ക് കഴിഞ്ഞു. ഇതുവരെ 2347 പേര്‍ക്കാണിവിടെ രോഗം സ്ഥിരീകരിച്ചത്. 166 വൈറസ് ബാധിതര്‍ മാത്രമാണ് നിലവില്‍ ധാരാവിയിലുള്ളത്. എട്ട് ലക്ഷം ജനങ്ങള്‍ ജീവിക്കുന്ന ഇവിടെ ആറ് ലക്ഷം പേരെയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: