ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസിലെ എന്‍ഐഎ അന്വേഷണം തീവ്രവാദ സംഘടനകളെ കേന്ദ്രീകരിച്ച്. അധികാര കേന്ദ്രങ്ങളെ ഉപയോഗിച്ച് വിദേശത്തുനിന്ന് സ്വര്‍ണം എത്തിച്ചത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറുഷ ത്വരീഖത്തിനെന്നാണ് സൂചന. ബാഗേജ് തുറന്നു പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
നൂറുഷ ത്വരീഖത്തിന് പണം കൈമാറണമെന്ന കുറിപ്പ് സ്വര്‍ണത്തിനൊപ്പം ലഭിച്ചിട്ടുണ്ടെന്ന് ബാഗേജ് തുറന്ന അന്നുതന്നെ കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് അടിയന്തര റിപ്പോര്‍ട്ട് നല്‍കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത് ഇതേത്തുടര്‍ന്നാണ്. കേരളത്തിലെ ‘പതിവ് സ്വര്‍ണക്കള്ളക്കടത്ത്’ കേസില്‍ നിന്ന് തിരുവനന്തപുരം കേസിനെ കേന്ദ്രഏജന്‍സികളുടെ ശ്രദ്ധയിലേക്ക് എത്തിച്ചതും ഇതാണ്.
ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട പഴയ ഭീകരപ്രവര്‍ത്തന കേസുകളില്‍ ആരോപണ വിധേയമായ കേന്ദ്രമാണ് നൂറുഷ ത്വരീഖത്ത്. കേരളത്തിലെ വിവിധ മുസ്ലിം ഗ്രൂപ്പുകളില്‍ സ്വാധീനമുള്ള ത്വരീഖത്തിന്റെ പേരില്‍ എത്തിക്കുന്ന സ്വര്‍ണം സംസ്ഥാനത്തെ അതിതീവ്ര മുസ്ലിം സംഘടനയുടെ സംസ്ഥാന ചുമതലയുള്ള ഒരാളാണ് നിയന്ത്രിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഘടനയെ തെക്കേ ഇന്ത്യയില്‍ സജീവമായി നിലനിര്‍ത്തുന്നതിന് സ്വര്‍ണക്കള്ളക്കടത്ത് പണമാണ് ഉപയോഗിച്ചിട്ടുള്ളത്. കേന്ദ്രആഭ്യന്തരമന്ത്രാലയം നിരോധിക്കാന്‍ തയാറെടുക്കുന്നതാണ് ഈ തീവ്ര മുസ്ലിം സംഘടന.
കേരളത്തിലെ രാഷ്‌ട്രീയ ബഹളങ്ങള്‍ക്കപ്പുറത്ത് കേന്ദ്രസര്‍ക്കാര്‍ കേസിനെ ഗൗരവമായെടുത്തത് കസ്റ്റംസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. കേസന്വേഷണം സിബിഐക്ക് വിടണം എന്ന ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോഴും ഏറ്റവും അടിയന്തരമായി എന്‍ഐഎയെ കേസേല്‍പ്പിച്ചത് തെളിവുകള്‍ യാതൊന്നും തന്നെ നഷ്ടമാവാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാണ്. തെക്കേഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണക്കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതു കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. കേസ് എന്‍ഐഎ ഏറ്റെടുത്തതോടെ മുമ്പ് നടന്ന സ്വര്‍ണക്കള്ളക്കടത്ത് കേസുകള്‍ അടക്കം സമഗ്രമായ അന്വേഷണമാണ് നടക്കാന്‍ പോകുന്നത്. ഇടതുവലതു മുന്നണികളിലെ ഉന്നത നേതാക്കള്‍ക്ക് സ്വര്‍ണക്കള്ളക്കടത്ത് മാഫിയകളുമായുള്ള ബന്ധവും അന്വേഷണ പരിധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക