ശാസ്താംകോട്ട: കോവിഡ് വ്യാപനം ദിനംപ്രതി കൂടി വരുന്ന ശാസ്താംകോട്ടയിലും പരിസരത്തും ഇന്നലെ അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായി. ഇന്നലെ രോഗം നിര്ണയിച്ചവരില് ഒരാള്‍ പോരുവഴി കമ്പലടി സ്വദേശിയായ മെത്തവ്യാപാരിയാണ്. ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല.
ഇതിനിടെ ഇന്നലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ സ്രവ പരിശോധനയ്ക്കായി എത്തിയവരുടെ തിക്കും തിരക്കും ആശുപത്രിയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്ന തരത്തിലായി. അഞ്ഞൂറിലധികം പേര് കൂട്ടത്തോടെ ആശുപത്രിയിലെത്തിത് സംഘര്‍ഷമായി. സാമൂഹിക അകലമൊന്നും വകവയ്ക്കാതെ ജനത്തിരക്ക് നിയന്ത്രണാതീതമായി. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കോവിഡ് പരിശോധനയ്ക്കെത്തിയവരെ വിരട്ടിയോടിക്കുകയായിരുന്നു.
അതത് പ്രദേശത്തെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെ സമയനിര്ദേശമടങ്ങുന്ന ടോക്കണുമായി വരുന്നവരെ മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താനാകൂ എന്ന ആശുപത്രി അധികൃതരുടെ അറിയിപ്പാണ് സംഘര്‍ഷമായത്. ഇന്നലെ ആശുപത്രിയില്‍ എത്തിയവരില്‍ അധികവും ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെ ടൈംസ്ലോട്ട് ഇല്ലാതെ വന്നവരാണത്രേ. രണ്ടാഴ്ചയ്ക്കുമുമ്പുവരെ ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ എത്തിയവര്‍ റാപ്പിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് വാര്‍ഡുകളിലെല്ലാം പോലീസ് അനൗണ്‍സ്മെന്റ് ഉണ്ടായിരുന്നു. കൂടാതെ ആരോഗ്യവകുപ്പും പത്ര കുറിപ്പിലൂടെ ഇക്കാര്യം ജനങ്ങളിലെത്തിച്ചു.
എന്നാല്‍ വേണ്ട രീതിയിലുള്ള നിര്‍ദേശവും മുന്‍കരുതലും ആരോഗ്യവകുപ്പില്‍ നിന്നും ഉണ്ടായില്ല. ഈ വീഴ്ചയാണ് ഇന്നലെ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. അതത് പ്രദേശത്തെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടു വേണം പരിശോധനയ്ക്ക് എത്താനെന്ന കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. മാത്രമല്ല ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് അടക്കം മിക്ക പഞ്ചായത്തുകളില്‍ നിന്നും ആളുകള്‍ ഇന്നലെ ശാസ്താംകോട്ട ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയിരുന്നു. ശാസ്താംകോട്ടയെ മാത്രം ആശ്രയിക്കാതെ മറ്റ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ടെസ്റ്റിന് സൗകര്യമൊരുക്കിയിരുന്നെങ്കില് ഈ തിരക്ക് ഒഴിവാക്കാമായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
ഇതിനിടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും ഒരു ഡോക്ടറെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വര്‍ക്കിങ് അറേഞ്ച് മെന്റില്‍ തിരിച്ചുവിളിച്ചു. തിങ്കളാഴ്ച തിരികെ ചെല്ലാനാണ് നിര്‍ദേശം. ആശുപത്രിയിലെ പരിശോധനാകേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരാണുള്ളത്. ഇതുകാരണം ആശുപത്രി ഓപിയിലെത്തുന്ന മറ്റ് രോഗികളെ പരിശോധിക്കാനാകാത്ത സ്ഥിതിയാണ്. തിങ്കളാഴ്ച ഒരു ഡോക്ടര്‍ തിരിച്ചുപോകുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ പരുങ്ങലിലാകും.
വരും ദിവസങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെ ടോക്കണുമായി വരുന്നവരെ മാത്രമെ റാപ്പിഡ് ടെസ്റ്റ് നടത്തുകയുള്ളുവെന്ന് താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒരു ദിവസം മുന്നൂറുപേരെ ടെസ്റ്റിന് വിധേയരാക്കാനുള്ള സൗകര്യമേ ആശുപത്രിയില്‍ ഉള്ളുവെന്നും ഇന്നലെ 298 പേരുടെ സ്രവം പരിശോധനയ്ക്കായെടുത്തുവെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷഹാന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: