കോഴിക്കോട്: നഗരത്തെ വരിഞ്ഞ് മുറുക്കി പോലീസ് സന്നാഹം. ഇന്നലെ ബിജെപി കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചിനെ പ്രതിരോധിക്കാനെന്ന പേരിലാണ് നഗരത്തെ നിശ്ചലമാക്കി പ്രധാന റോഡുകളെല്ലാം അടച്ചത്. കലക്ട്രേറ്റ് മാര്‍ച്ച നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി ഇന്നലെ കമ്മിഷണര്‍ ഓഫീസ് മാര്‍ച്ച് പ്രഖ്യാപിച്ചത്.
രാവിലെ 10 മണിയോടെ പാളയം, കിഡ്സണ്‍, മാവൂര്‍ റോഡ്, സ്റ്റേഡിയം, എന്നീ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാനവഴികള് മുഴുവന്‍ പോലീസ് അടച്ചു. ഇതോടെ നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മുതലക്കുളത്ത് നിന്ന് കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ പേരിലാണ് പോലീസ് നഗരമൊട്ടാകെ നിശ്ചലമാക്കിയത്. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകര്‍ വന്ന വാഹനങ്ങളും വിവിധയിടങ്ങളില്‍ കുടുങ്ങി. പോലീസിനെ ഉപയോഗിച്ച് സമരത്തെ തകര്‍ക്കാനാവില്ലെന്ന് പ്രതിഷേധ മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ച ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് പറഞ്ഞു.
കോവിഡിന്റെ മറവില്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാറിനെ രക്ഷിക്കാനുള്ള നീക്കം അംഗീകരിക്കില്ല അദ്ദേഹം പറഞ്ഞു. പോലീസ് ഡിവൈഎഫ്ഐയുടെ പണിയെടുക്കരുതെന്ന് സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. ജനകീയ പ്രതിഷേധത്തെ മര്‍ദ്ദിച്ചൊതുക്കാനാണ് ആഭ്യന്തരവകുപ്പിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ഒരു വിഭാഗം പോലീസുകാരുടെ പെരുമാറ്റമെന്ന് അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് കലക്ട്രേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നത് ക്രൂരമര്‍ദ്ദനം. പ്രധാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റത് തലയ്ക്കും നെഞ്ചിനും വാരിയെല്ലുകള്‍ക്കുമാണ്.രാഷ്ട്രീയ പ്രകടനങ്ങളെ പോലീസ് നേരിടുമ്പോള്‍ മുട്ടിനു താഴെ അടിച്ചു പ്രവര്‍ത്തകരെ പിരിച്ചയക്കുകയെന്ന രീതിഒഴിവാക്കിയാണ് ഒരു വിഭാഗം പോലീസുകാര്‍ മര്‍ദ്ദനമഴിച്ചുവിട്ടത്. നേതാക്കളെ ലക്ഷ്യമിട്ട് ഒരു സംഘം പോലീസുകാര്‍ പാഞ്ഞടുക്കുകയായിരുന്നു. നിലവിട്ടപോലെയാണ് ചില പോലീസുകാര്‍ പെരുമാറിയത്. മുതിര്‍ന്ന പോലീസുകാര്‍ ഇടപെട്ടിട്ട് പോലും പിന്മാറാന് ഇവര്‍ കൂട്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: