കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് തെയ്യം മ്യൂസിയം നിര്‍മിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ക്ഷേത്രം അനുഷ്ഠാന തെയ്യംകെട്ടിയാട്ട സംഘടന (മലയന്‍ സമുദായം) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തെയ്യം ഒരു കലയല്ല. ക്ഷേത്രങ്ങളിലും കാവുകളിലും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ആചരിക്കുന്ന ദൈവദത്തമായ അനുഷ്ഠാനമാണ്. അത് മ്യൂസിയത്തില്‍ വച്ച് പഠിപ്പിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.
വ്രതത്തോടെയും ആചാര അനുഷ്ഠാനങ്ങളോടെയും കെട്ടിയാടുന്ന തെയ്യം, വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. തെയ്യത്തെ പ്രദര്‍ശന വസ്തുവാക്കാന്‍ അനുവദിക്കില്ല. തെയ്യത്തെ കമ്പോള വല്ക്കരിക്കുന്നത് അനുഷ്ഠാനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നും ക്ഷേത്രം അനുഷ്ടാന തെയ്യം കെട്ടിയാട്ട സംഘടന (മലയന്സമുദായം ) ഓണ്‍ലൈന്‍ യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.സി ദാസന് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ദിനേശ് തൊട്ടില്‍പാലം, ബാലകൃഷ്ണന് പറമ്പത്ത്, വിജയന് മുതുവന, രാമചന്ദ്രന് മേപ്പയൂര്‍, ഗംഗാധരന് മുട്ടുങ്ങല്‍, അനീഷ് മുയിപ്പോത്ത്, ഹരീഷ് അരൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: