പൊന്നണിഞ്ഞ ‘ ഭീകര’ ലോകം
വര്‍ഷം 800 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ പല മടങ്ങാണ് കള്ളക്കടത്തിലൂടെ എത്തുന്നത്; അതില്‍ 30 ശതമാനം കേരളത്തിലൂടെയാണ്. ആകാശവും കടലും കരയും അതിന് മാര്‍ഗങ്ങളാണ്. ആകാശമാര്‍ഗം വരുന്നതു മാത്രമാണ് ചില എയര്‍പോര്‍ട്ടുകളില്‍ വല്ലപ്പോഴും പിടിക്കപ്പെടുന്നത്. കപ്പലും കരയതിര്‍ത്തികളും വഴിയുള്ളത് അത്ര തടസമില്ലാതെ തുടരുകയാണ്.
ഒരു കിലോ സ്വര്‍ണക്കട്ടി നേരായ മാര്‍ഗത്തില്‍ സ്വന്തമാക്കാന്‍, സര്‍ക്കാരിന് കൊടുക്കേണ്ട നികുതിയെല്ലാമുള്‍പ്പെടെ 50 ലക്ഷം രൂപയ്‌ക്ക് മുകളില്‍ വേണം. കള്ളക്കടത്തിലൂടെയാണെങ്കില്‍ ഈയിനത്തില്‍ ഏഴുലക്ഷം രൂപ ഒരു കിലോയില്‍ ലാഭിക്കാം. ചിലരുടെ കണ്ണടപ്പിക്കാനും അങ്ങനെ പലരുടെ കണ്ണുവെട്ടിക്കാനുമായി പകുതി കൊടുക്കേണ്ടി വന്നാല്‍ പോലും ലാഭമാണ്. പിടിക്കപ്പെട്ടാലോ?
ചില എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും, പോലീസും, കള്ളക്കടത്തു സംഘങ്ങളും ചേര്‍ന്നുള്ള ഇടപാടുകള്‍ക്ക് ഭരണകൂടത്തിന്റെ തുണകൂടിയാകുമ്പോള്‍ കാര്യങ്ങള്‍ സുഗമമാണ്. ഓരോ വിമാനത്തിലും പല കാരിയേഴ്സ് ഉണ്ടാകും. അവര്‍ കടത്തുകാര്‍ മാത്രമാണ്. വിമാനത്താവളം മുതല്‍ വിമാനത്താവളം വരെ മാത്രമാണ് അവരുടെ ജോലി. അങ്ങനെ പലരിലൊരാളെ ഇവര്‍ തന്നെ ഒറ്റുകൊടുത്ത് പിടിപ്പിക്കുന്നു. അത് വാര്‍ത്തയാകുന്നു. മറ്റ് കാരിയര്‍മാര്‍ ഉദ്യോഗസ്ഥ സഹായത്തോടെ രക്ഷപ്പെടുന്നു. പിടിക്കപ്പെടുന്ന കാരിയര്‍ ഉടന്‍ തന്നെ 12.5% ഇറക്കുമതി ചുങ്കവും 0.3% സര്‍ച്ചാര്‍ജും ചേര്‍ത്ത് അടച്ച് സ്വര്‍ണവുമായി പോകുന്നു.
മൂന്നുകോടി രൂപയ്‌ക്ക് മുകളിലാണെങ്കിലേ കേസ് എടുത്ത് സ്വര്‍ണം പിടിച്ചെടുത്ത് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നുള്ളു. അതിനാല്‍ കേസ് എടുക്കാവുന്ന തുകയ്‌ക്കു താഴെയുള്ള തൂക്കമായിരിക്കും പിടിക്കപ്പെടുന്ന കാരിയേഴ്സിന്റെ കൈയില്‍. പക്ഷേ, പിടിക്കപ്പെടാതെ കടത്തുന്ന സ്വര്‍ണവും പിടിച്ചാല്‍ നികുതിയടയ്‌ക്കുന്ന സ്വര്‍ണവും എവിടെ കൊണ്ടു പോകുന്നു, ആരാണ്, എന്തിനാണ് വിനിയോഗിക്കുന്നത്. ഇതൊന്നും കാര്യമായി അന്വേക്ഷിക്കാറില്ല. നികുതി-ജിഎസ്ടി ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടത്. പക്ഷേ വേണ്ടതുപോലെ നടക്കുന്നില്ല.
കേരളത്തില്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 12,000 ഓളം വരുന്ന സ്വര്‍ണ വ്യാപാരികളുടെ വാര്‍ഷിക വിറ്റുവരവ് ഏകദേശം 30,000 മുതല്‍ 40,000 കോടി വരെ രൂപയുടേതാണ്. എന്നാല്‍, 2,00,000 കോടി രൂപയുടേതാണ് അനധികൃത സ്വര്‍ണ വ്യാപാര മേഖല. ഈ സമാന്തര മേഖല ആരു നിയന്ത്രിക്കുന്നു എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്.
ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം ഒഴുകിത്തുടങ്ങിയത് അടുത്തിടെയൊന്നുമല്ല. നേരല്ലാത്ത മാര്‍ഗത്തില്‍ ഈ മഞ്ഞലോഹം വരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിലേക്ക് കള്ളക്കടത്തു നടത്തുന്ന സ്വര്‍ണം ആര് എന്തുചെയ്തുവെന്ന് അന്വേഷിച്ച് കണ്ടെത്താനുള്ള ആര്‍ജവം മാറി മാറി സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ കാണിച്ചിട്ടില്ല. കേന്ദ്രം ഭരിച്ചവരും ഇതുവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതിയും നല്‍കിയിട്ടില്ല. അതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുതിയ തീരുമാനം. ദേശീയ അന്വേഷണ ഏജന്‍സി എന്ന എന്‍ഐഎ, തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നടന്ന ഏറ്റവും പുതിയ സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലവും കണ്ണികളും സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ അതുകൊണ്ടുതന്നെ പുതിയ ചില വഴിത്തിരിവുകള്‍ ഉണ്ടാവും. അങ്ങനെ, സ്വര്‍ണക്കടത്തിനു പിന്നിലെ വന്‍ ശൃംഖലയുടെ കണ്ണികള്‍ ഓരോന്നായി അഴിയാന്‍ പോവുകയാണ്.
ഹാജി മസ്താനെ ഇന്നും ഓര്‍മയുണ്ടാവണം
1970 കാലത്ത്, അന്നത്തെ അധോലോക പ്രവര്‍ത്തന സംഘത്തില്‍ പ്രമുഖനായ ഹാജി മസ്താന്റെ നേതൃത്വത്തിലുളള മുംബൈ അധോലോകമാണ് സ്വര്‍ണക്കടത്ത് രംഗം അടക്കി വാണിരുന്നത്. പിന്നീടത് ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിച്ചു. ദക്ഷിണേന്ത്യയില്‍ മംഗലാപുരമായിരുന്നു സ്വര്‍ണക്കടത്തിന്റെ കേന്ദ്രം. തൊട്ടുചേര്‍ന്ന് കിടക്കുന്ന കാസര്‍കോട്ടേക്ക് പതുക്കെ വ്യാപിച്ചു. കാസര്‍കോട് സ്വര്‍ണക്കടത്തിന്റെ ഹബ്ബായി. കസ്റ്റംസിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് വിവരം നല്‍കിയതിന്റെ പേരില്‍ കാസര്‍കോട്ട് ഹംസ കൊലചെയ്യപ്പെട്ടതോടെയാണ് കേരളത്തില്‍ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ വ്യാപ്തിയും ആ രംഗത്തെ വമ്പന്മാരുടെ സാന്നിധ്യവും പുറത്തുവന്നത്. സ്വര്‍ണക്കടത്തിന്റെ പേരില്‍ കേരളത്തിലെ ആദ്യത്തെ കൊലപാതകമായിരുന്നു അത്. ഈ കേസിലെ മുഖ്യ പ്രതിയായ പാക്കിസ്ഥാന്‍ അബ്ദുറഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നും പിടിയിലായിട്ടില്ല. ഇത്തരം കേസുകളിലെ തുടരന്വേഷണത്തിന്റെ പിടിപ്പുകേടും അധോലോകത്തിന്റെ ഉന്നതങ്ങളിലെ പിടിപാടും ഇത് വ്യക്തമാകുന്നു.
ഏതാണ്ട് അതേകാലത്താണ് കേരളത്തില്‍ നിന്ന് വിദേശങ്ങളിലേക്ക് ജോലി തേടി മലയാളികള്‍ പോയിത്തുടങ്ങിയത്. ആ ദശകത്തിന്റെ രണ്ടാം പകുതിയില്‍ വന്ന അടിയന്തരാവസ്ഥയോടെ മുംബൈയിലെ സ്വര്‍ണക്കടത്തിന് പിടിവീണിരുന്നു. അങ്ങനെ കേരളം സ്വര്‍ണക്കടത്തിന്റെ സുരക്ഷിത താവളമായി. കാസര്‍കോട് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ സാമ്പത്തിക നിലയെത്തന്നെ സ്വര്‍ണക്കടത്ത് മാറ്റി മറിച്ചു. തൊഴില്‍ രഹിതരായ ചെറുപ്പക്കാരെയും രാഷ്‌ട്രീയ സ്വാധീനം വര്‍ധിച്ചുവന്ന സംഘടനകളേയും ബിസിനസുകാരെയും കടത്തുകാര്‍ സുഹൃത്തുക്കളാക്കി.
ഇക്കാലത്ത് മധ്യകേരളത്തില്‍ കടല്‍മാര്‍ഗം കൊച്ചി പോര്‍ട്ട് വഴി ചെറിയ തോതില്‍ സ്വര്‍ണക്കടത്ത് നടന്നിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വരവോടെ അവിടമായി മുഖ്യ കേന്ദ്രം. തൊണ്ണൂറുകള്‍ ആയപ്പോഴേക്കും ഇന്ത്യയും ദുബായിയും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണക്കടത്ത് പതിന്മടങ്ങ് വര്‍ദ്ധിച്ചു. പിന്നീട് ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ പറുദീസയായി ദുബായി മാറി.
ആദ്യകാലത്ത് പുരുഷന്മാരായിരുന്നു സ്വര്‍ണക്കടത്തുകാര്‍. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം സജീവമായതോടെ പലരും പിടിക്കപ്പെട്ടു. ഇതോടെ സ്ത്രീകള്‍ ഈ ‘തൊഴിലിലേക്ക്’ വന്നുതുടങ്ങി. ഇതോടൊപ്പം സെലിബ്രിറ്റികളെ മറയാക്കിയും സ്വര്‍ണക്കടത്ത് നടത്തുന്ന രീതിയും വന്നു. ഗള്‍ഫ് നാടുകളില്‍ നടത്തിയ കലാമേളകള്‍ പോലും മറയാക്കി സ്വര്‍ണക്കടത്ത് വ്യാപകമായി. നാലുപതിറ്റാണ്ടായി സ്വര്‍ണക്കള്ളക്കടത്ത് സംസ്ഥാനത്ത് നടക്കുന്നു. ചെറുതും വലുതുമായ ഇടപാടുകളുടെ പിന്നിലാരെന്നും ഉപയോഗം എന്തെന്നുമുള്ള അന്വേഷണങ്ങള്‍ നടന്നില്ല. പത്തുവര്‍ഷത്തിനിടെ നടന്ന ഈ ഗതിവിഗതികളുടെ സൂക്ഷ്മ നീരീക്ഷണം അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കേന്ദ്ര ഭരണ സംവിധാനത്തെ ഇക്കാര്യങ്ങള്‍ പല രഹസ്യാന്വേഷണ ഏജന്‍സികളും ധരിപ്പിച്ചിട്ടും മുന്‍കാല സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. പക്ഷേ, തീക്കട്ടയിലും ഉറുമ്പരിക്കുന്നുവെന്നപോലെ ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ്, രാഷ്‌ട്രീയ ഉന്നതര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങി, കള്ളക്കടത്ത് ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്നതായി മാറി. ആ പ്രവര്‍ത്തനങ്ങള്‍ രാജ്യദ്രോഹപരമാണെന്ന് വ്യക്തമായപ്പോഴാണ് മോദി സര്‍ക്കാരിന്റെ കൃത്യമായ തീരുമാനം, എന്‍ഐഎയുടെ അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: