കണ്ണൂര്‍: കണ്ണൂര്‍ മിംസ് ആശുപത്രി കൊവിഡ് ചികിത്സാകേന്ദ്രമാക്കി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പകര്‍ച്ച വ്യാധി നിയമം, ദുരന്തനിവാരണ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ ആശുപത്രിയിലെ ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ രോഗിയുടെ ചികിത്സ അവിടെത്തന്നെ തുടരാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മറ്റു രോഗികളുമായി ബന്ധമില്ലാത്ത വിധം കൊവിഡ് ചികിത്സക്ക് പ്രത്യേക ബ്ലോക്കോ, മുറികളോ ഒരുക്കാനാണ് നിര്‍ദ്ദേശം. കോവിഡ് ബാധിതര്‍ക്ക് ആശുപത്രിയിലേക്ക് കടക്കാനും പുറത്തേക്ക് ഇറങ്ങുന്നതിനുമായി പ്രത്യേക വഴി ഒരുക്കാനും ശ്രദ്ധിക്കണം. ആവശ്യമായ ടോയ്ലറ്റ് സംവിധാനങ്ങളും ഇവര്‍ക്കായി ഉണ്ടായിരിക്കണം. പ്രത്യേക മുറികള്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലമുള്ള വിധത്തില്‍ 20 കട്ടിലുകള്‍ ഉള്‍ക്കൊളളാന്‍ സാധിക്കുന്ന വാര്‍ഡുകള്‍ സജ്ജീകരിക്കാനും ഉത്തരവില്‍ പറയുന്നു. കോവിഡ് രോഗ ബാധിതര്‍ക്കും ഇതര രോഗികള്‍ക്കും പ്രത്യേകം പ്രത്യേകം ഐപി, ഒപി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ്, എന്‍95 മാസ്ക്ക്, കൈയുറ തുടങ്ങിയ സുരക്ഷാ കവചങ്ങള്‍ ധരിക്കണം. കൊവിഡ് രോഗികളുടെ എണ്ണം യഥാസമയം ഡിഎംഒയെ അറിയിക്കണം.
കോവിഡ് ബാധിതരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: