മക്കളേ,
നമ്മളില്‍ പലരും അറിയാതെയാണെങ്കിലും മറ്റുള്ളവരെക്കുറിച്ച് മുന്‍വിധികള്‍ വച്ചുപുലര്‍ത്താറുണ്ട്. മുന്‍വിധിയുള്ള ഒരാള്‍ക്കു മറ്റുള്ളവരെ ശരിയായി മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. ഒരു കാര്യത്തെക്കുറിച്ച് മുമ്പു നേടിയ അല്പ്പമോ അപര്യാപ്തമോ ആയ അറിവിന്റെ അടിസ്ഥാനത്തില്‍ തനിക്ക് വേണ്ടത്ര അറിവുണ്ടെന്നു കരുതി മിക്കപ്പോഴും തെറ്റായ ധാരണകള്‍ വെച്ചു പുലര്‍ത്തുന്നതാണ് മുന്‍വിധി. മഞ്ഞനിറമുള്ള കണ്ണട ധരിച്ച ഒരാള്‍ കാണുന്നതേതും മഞ്ഞയായി കാണും. അതുപോലെ, മുന്‍വിധി നമ്മുടെ വീക്ഷണത്തെ ബാധിക്കുന്നു. അതുകൊണ്ട് മുന്വിധിയാകുന്ന കണ്ണട ഊരിവെച്ച് ലോകത്തെ നോക്കിക്കാണുവാന്‍ നമ്മള് തയ്യാറാകണം.
നമ്മള് ഉടുപ്പു തയ്ക്കാനായി പതിവായി ഒരേ തയ്യല്‍ക്കാരനെ തന്നെ സമീപിച്ചാലും അയാള്‍ ഓരോ പ്രാവശ്യവും നമ്മുടെ അളവ് എടുക്കുന്നതു കാണാം. മുമ്പെന്നോ എടുത്ത അളവുകള്‍ വെച്ചുകൊണ്ട് ഒരിക്കലും ഒരു നല്ല തയ്യല്ക്കാരന് വസ്ര്തങ്ങള്‍ തുന്നാറില്ല. കാരണം ഈ കാലയളവില്‍ നമ്മുടെ ശരീരത്തിന്റെ വണ്ണവും പൊക്കവുമെല്ലാം മാറിയിരിക്കാനിടയുണ്ടെന്ന് തയ്യല്ക്കാരന് നന്നായി അറിയാം. എന്നാല്‍ മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ കാലഹരണപ്പെടുന്നത് നമ്മള് അറിയാറില്ല. ഈ തയ്യല്‍ക്കാരന്റെ കാഴ്ചപ്പാട് നമ്മളും നിത്യജീവിതത്തില്‍ സ്വീകരിക്കേണ്ടതുണ്ട്.
മുന്‍ധാരണകള്‍ വച്ചുകൊണ്ട് മറ്റുള്ളവരുമായി ഇടപെടുന്നതാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. മുമ്പ് കള്ളനായിരുന്ന ഒരാള്‍ പിന്നീട് സത്സ്വഭാവിയായി മാറിക്കൂടാ എന്നില്ലല്ലോ. വേശ്യയായിരുന്ന പിംഗള പരമ ഭക്തയായിത്തീര്ന്നില്ലേ. രത്നാകരന് എന്ന കൊള്ളക്കാരനാണല്ലോ പിന്നീട് വാല്മീകിമഹര്ഷിയായത്. ഓരോ വ്യക്തിയോടും മുന്‍ധാരണകളില്ലാതെ ഇടപെടാന്‍ കഴിഞ്ഞാല്‍ അതേ വ്യക്തികളില്‍ പുതിയ മനുഷ്യരെ കണ്ടെത്താന്‍ നമുക്കു കഴിയും.
ഒരു കേസിന്റെ വിചാരണ നടക്കുകയായിരുന്നു. വാദിയുടെയും പ്രതിയുടെയും വക്കീലന്മാര് ശക്തമായി വാദിച്ചുകൊണ്ടിരുന്നു. ന്യായാധിപന് അതില്‍ കാര്യമായി ശ്രദ്ധിക്കാതെ കണ്ണടച്ചിരുന്നു. കുറച്ചുകഴിഞ്ഞ് അദ്ദേഹം ഉറക്കത്തിലേയ്ക്കു വഴുതിവീണു. ഇതുകണ്ട് കോടതി ക്ലാര്‍ക്ക് പറഞ്ഞു, ‘സര്, അങ്ങ് ഉറങ്ങിപ്പോകുന്നു. കേസിന്റെ വാദം അങ്ങ് വേണ്ട പോലെ ശ്രദ്ധിക്കുന്നില്ല.’ ന്യായാധിപന് പറഞ്ഞു, ‘അതു സാരമില്ല, ഈ കേസിന്റെ വിധി ഞാന്‍ നേരത്തെതന്നെ തീരുമാനിച്ചു കഴിഞ്ഞു.’ അതുപറഞ്ഞ് ന്യായാധിപന് വീണ്ടും ഉറക്കത്തിലാണ്ടു. ഈ കഥയിലെ ന്യായാധിപനെപ്പോലെ മുന്‍വിധിയോടെ കാര്യങ്ങളെ സമീപിച്ചാല്‍ നീതിയും സത്യവും ബലികഴിക്കപ്പെടും.
മറ്റുള്ളവരെക്കുറിച്ചുള്ള മുന്‍വിധികള്‍ മൂലം നമ്മുടെ മിത്രങ്ങളും സഹായികളുമായിത്തീരാന് സാധ്യതയുള്ളവരെ നമുക്ക് നഷ്ടമാകുന്നു. ചിലപ്പോള്‍ ചതിവ് പറ്റാനും അതു കാരണമാകുന്നു. അതുമൂലം ചില വ്യക്തികള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുകയും മറ്റു ചിലര്‍ അനര്‍ഹമായ ബുദ്ധിമുട്ടുകള്‍ക്ക് ഇരയാകുകയും ചെയ്യുന്നു. ഏതുകാര്യത്തെക്കുറിച്ചും നമുക്കു മുന്നറിവ് ഉണ്ടായിരിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ അത്തരം അറിവുകളില്‍ തന്നെ നമ്മള് ബന്ധിച്ചിരിക്കരുത്. നമ്മുടെ അറിവിനെ കാലോചിതമായി പരിഷ്ക്കരിക്കാനുള്ള തുറന്ന മനസ്സ് നമുക്കു എപ്പോഴും ഉണ്ടാവണം.
ചിലപ്പോള്‍ നമ്മള് തന്നെ നമ്മുടെ മുന്‍വിധിയുടെ ബലിയാടാകാറുണ്ട്. ചില കാര്യങ്ങള്‍ നമുക്കു ചെയ്യുവാന്‍ സാധിക്കില്ലെന്നു നമ്മള് ദൃഢമായി വിശ്വസിക്കും. അല്പമൊന്നു മനസ്സിരുത്തി പ്രയത്നിച്ചാല്‍ അക്കാര്യം നമുക്കു ചെയ്യുവാന്‍ സാധിക്കുന്നതായിരിക്കും. ഇത്തരം മുന്‍വിധിക്കു കാരണം ആത്മവിശ്വാസമില്ലായ്മയാണ്. ആത്മവിശ്വാസക്കുറവെന്നപോലെ അപകടകരമായ അമിതവിശ്വാസത്തിനും മുന്‍വിധി കാരണമാകാറുണ്ട്.
ഭൂതകാലത്തിന് അമിതപ്രാധാന്യം നല്കുന്നതുകൊണ്ടാണ് നമ്മള് മുന്‍വിധികള്‍ക്ക് അടിപ്പെടുന്നത്. എപ്പോഴും വര്‍ത്തമാനകാലത്തില്‍ ജീവിക്കുവാനും നമ്മുടെ മനസ്സിനെയും ബുദ്ധിയെയും സ്വതന്ത്രമായി നിലനിര്‍ത്തുവാനും നമ്മള് ശ്രദ്ധിക്കണം.
മുന്‍വിധികളില്‍നിന്ന് മോചനം നേടുന്നതിലൂടെ നമുക്ക് കാര്യങ്ങളെ വ്യക്തമായി മനസ്സിലാക്കാനും, വ്യക്തികളുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും സാധിക്കും. മാത്രമല്ല, ജീവിതവിജയം നേടുന്നതിനു നമുക്കു തടസ്സം നില്ക്കുന്ന ശാരീരികവും മാനസികവുമായ പരിമിതികളെ അതിജീവിക്കാനും നമുക്കു സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: