തൃശൂര്‍: സെപ്റ്റിക് മാലിന്യം തട്ടാനെത്തിയ പെട്ടിഓട്ടോ ചതുപ്പില്‍ താഴ്ന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പാട്ടുരായ്ക്കല്‍ കോലേത്തുംപാടത്താണ് സംഭവം. സെപ്റ്റിക് മാലിന്യം വലിയ പ്ലാസ്റ്റിക് കവറിലാക്കി ചതുപ്പിലേക്ക് തള്ളാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ചതുപ്പില്‍ താഴുകയായിരുന്നു.
ചതുപ്പില്‍ താഴ്ന്ന പെട്ടിഓട്ടോ പല പ്രാവശ്യം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോര്പ്പറേഷന് ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വിയ്യൂര്‍ പോലീസ് സ്ഥലത്തെത്തി.
വാഹന ഉടമയേയും ഓടിച്ചിരുന്ന ആളെയും സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മാലിന്യം തള്ളാനെത്തിയ സാമൂഹിക വിരുദ്ധരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. കോര്പ്പറേഷന് പരിധിയിലും സമീപ പ്രദേശങ്ങളിലും രാത്രിയുടെ മറവില്‍ സെപ്റ്റിക് മാലിന്യം തട്ടുന്ന സംഘങ്ങള്‍ സജീവമാണ്. അടുത്തിടെ ഒല്ലൂരിനടുത്ത് ഒരേക്കറോളം പാടത്ത് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതിനെ തുടര്‍ന്ന് കൃഷി നശിച്ചിരുന്നു.
ജനവാസ കേന്ദ്രങ്ങളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് നിത്യസംഭവമായതായി പരാതിയുണ്ട്. അതേസയമം കോര്പ്പറേഷന് പരിധിക്കുള്ളിലും പോലീസിന്റെ നൈറ്റ് പട്രോളിംഗുണ്ടെങ്കിലും മാലിന്യം തട്ടാനെത്തുന്ന വാഹനങ്ങള്‍ പിടികൂടാറില്ലെന്ന പരാതിയും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: