തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കല്‍ പിനാക്കിള്‍ ഫ്ളാറ്റ് കൊലപാതക കേസിലെ അഞ്ച് പ്രതികള്‍ക്കും 13ന് ശിക്ഷ വിധിക്കുമ്പോഴും ജില്ലയില്‍ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്താനായിട്ടില്ല. വാര്‍ത്തകളില്‍ ഇടം നേടുന്ന ഓരോ കേസുകളും കടന്നുപോകുമ്പോഴും ഉന്നതരുടെ സഹായത്തോടെ അക്രമി സംഘങ്ങള്‍ വിലസുകയാണ്. പോലീസ് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ അവര്‍ക്കുമീതെ ഗുണ്ടാസംഘങ്ങള്‍ വളരുകയാണ്.
അയ്യന്തോള്‍ ഫ്ളാറ്റ് കൊലക്കു ശേഷവും പുതിയ ഗുണ്ടാസംഘങ്ങളും അക്രമിസംഘങ്ങളും ജില്ലയില്‍ സജീവമാണ്. ആക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഗുരുതരമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ സംഘങ്ങളെ നിലക്കുനിര്‍ത്താന്‍ പോലീസിനായിട്ടില്ല. ഉന്നതരുടെ സഹായത്തോടെയാണ് ഇവരുടെ വിളയാട്ടമെന്നതാണ് കാരണം. തീരദേശത്തും നഗരം കേന്ദ്രീകരിച്ചും ലഹരി മാഫിയാ സംഘങ്ങള്‍ സജീവമാണ്. ഇത്തരക്കാരെ ഒതുക്കാന്‍ നിരവധി കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയെങ്കിലും അവയൊന്നും ഫലത്തില്‍ ഗുണം ചെയ്തില്ലെന്ന് കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഗുണ്ടാക്കുടിപ്പകയില്‍ മണിത്തറ വരടിയം തുഞ്ചന്‍ നഗറില്‍ ചിറയത്ത് സിജോ(28) യെ നടുറോഡില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നത്. നിരവധിക്കേസിലെ പ്രതിയായിരുന്നു കൊല്ലപ്പെട്ട സിജോ. ഇതേതുടര്‍ന്നാണ് ഓപ്പറേഷന് റേഞ്ചറുമായി പോലീസ് രംഗത്തെത്തിയത്. കഞ്ചാവ്, മയക്കുമരുന്ന് ഗ്യാങ്ങുകളെ പ്രത്യകം നിരീക്ഷിക്കാനും കര്‍ശന നടപടിക്കുമായി പുതിയതായി രൂപം കൊടുത്ത പദ്ധതിയാണ് ഓപ്പറേഷന് റേഞ്ചര്‍.
തൃശൂര്‍ റേഞ്ച് ഡിഐജി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പുതിയ ടീം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കാനാണ് നിര്‍ദ്ദേശം. കൊലപാതകമോ കുറ്റകൃത്യമോ ഉണ്ടാകുമ്പോള്‍ ഉണ്ടാക്കുന്ന ഇത്തരം സ്പെഷ്യല്‍ ടീമുകള്‍ക്ക് ജില്ലയിലെ ഗുണ്ടാസംഘങ്ങളുടെ മുഖ്യകണ്ണികളെ കണ്ടെത്താനോ പിടികൂടാനോ സാധിക്കുന്നില്ലെന്നതാണ് മുന്‍വര്‍ഷങ്ങളില്‍ കണ്ടുവരുന്നത്. ഓപ്പറേഷന് റേഞ്ചറിന് വിവിധ ഭാഗങ്ങളില്‍ വേരോട്ടമുള്ള ഗുണ്ടാ സംഘങ്ങളെ പിടികൂടാനാകുമോയെന്ന് കാത്തിരുന്ന് കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: