ചാത്തന്നൂര്‍: ദേശീയപാതയില്‍ നിന്ന് നിയന്ത്രണംവിട്ട ഗ്യാസ് നിറച്ചു വന്ന ബുള്ളറ്റ് ടാങ്കര്‍ ലോറി റോഡുവക്കിലേക്ക് മറിഞ്ഞു, ഒഴിവായത് വന്‍ദുരന്തം. ദേശീയപാതയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചാത്തന്നൂര്‍ സ്പിന്നിംഗ് മില്ലിന് മുന്പിലായിരുന്നു അപകടം. പാചകവാതകവുമായി മംഗലാപുരത്തുനിന്നും പാരിപ്പള്ളിയിലെ ഐഒസി പ്ലാന്റിലേക്ക് പോകുകയായിരുന്നു.
തിരുവനന്തപുരം ഭാഗത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ഇടതുഭാഗത്തേക്ക് വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ടാങ്കര്‍ലോറി റോഡരികിലെ ചെറു കുറ്റികളില്‍ ഇടിച്ചാണ് മറിഞ്ഞത്. ഓടകളില്‍ ടയര്‍ വീണതോടെയാണ് സൈഡിലേക്ക് പൂര്‍ണമായി മറിഞ്ഞത്.
അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തി വാഹനഗതാഗതം തടയുകയും ഇതുവഴി പോകുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഒപ്പം പ്രദേശവാസികളെ ഒഴിപ്പിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഒപ്പം തന്നെ പരവൂരില്‍നിന്നും കുണ്ടറയില്‍നിന്നും കൊല്ലത്തുനിന്നും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. മുന്‍കരുതലിന്റെ ഭാഗമായി സ്ഥലത്തെ വൈദ്യുതിബന്ധം വിഛേദിച്ചു.
പാരിപ്പള്ളിയില്‍ നിന്നും ഐഒസിയില്‍ നിന്നും ടെക്നീഷ്യന്മാര് അടങ്ങുന്ന സംഘം സ്ഥലത്തെത്തി ഗ്യാസ് ലീക്ക് ഇല്ലെന്ന് ഉറപ്പാക്കിയതോടെ പ്രദേശത്ത് പരന്ന ഭീതി അകന്നു.
നാല് ക്രെയിനുകള്‍ എത്തിച്ചാണ് ലോറി ഉയര്‍ത്തിയത്. ഐഒസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അപകടത്തില്‍പ്പെട്ട ടാങ്കര്‍ പാരിപ്പള്ളിയില്‍ നിന്നും മറ്റൊരു കാബിന് എത്തിച്ച് രാത്രിയോടെ ബുള്ളറ്റ് ഐഒസിയിലേക്ക് കൊണ്ടുപോയി. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ മംഗലാപുരം സ്വദേശി ശരവണന് പരിക്കില്ല. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: