കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യത. ഇന്ന് ബാങ്ക് ഭരണസമിതി യോഗം ചേര്‍ന്ന് നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. ബാങ്കിന്റെ സെക്രട്ടറി, അവണൂര്‍, കല്ലേലി ശാഖകളുടെ മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പൊതുവെ ഉയര്‍ന്ന ആവശ്യം.
സ്ഥിരനിക്ഷേപങ്ങളുടെ അധികാരി എന്ന നിലയില്‍ സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് ഭരണസമിതി അംഗങ്ങള്‍ പരിശോധിച്ച് വിലയിരുത്തിയിട്ടുണ്ട്. മരണപ്പെട്ട ജീവനക്കാരന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ജീവനക്കാരുടെയും ഭരണസമിതിയിലെ ഒരു വിഭാഗത്തിന്റെയും നീക്കം മുന്നണിതല യോഗത്തിലും ഫലം കണ്ടില്ല. സെക്രട്ടറിയും അവണൂര്‍ ശാഖയുടെ മാനേജരും സിപിഐക്കാരായതിനാല് ഇവര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് കഴിഞ്ഞദിവസം സിപിഐ ആലോചിച്ചത്. സിപിഎം പ്രവര്‍ത്തകനായ കല്ലേലി ശാഖയുടെ മാനേജരെ സസ്പെന്‍ഡ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഇത് സിപിഎമ്മിനും സ്വീകാര്യമായതുമില്ല.
തുടര്‍ന്ന് ഇന്നലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ബോര്‍ഡ് മെംബര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്കി. ഇന്ന് ഭരണ സമിതി യോഗത്തില്‍ സെക്രട്ടറിയെയും അവണൂര്‍ ശാഖാ മാനേജരെയും സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഎം ബോര്‍ഡ് മെംബര്‍മാര്‍ ആവശ്യപ്പെടും.
മൂന്നുപേര്‍ക്കെതിരെയും നടപടിയെടുത്തില്ലെങ്കില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാനാണ് തീരുമാനം. ഭരണസമിതിയിലെ ചിലര്‍ക്ക് ക്രമക്കേടില്‍ ബന്ധമുണ്ടെന്ന് വ്യക്തമാകുന്നതിനാല്‍ അത്തരം വിഷയങ്ങളും ചര്‍ച്ച ചെയ്യും. ജന്മഭൂമി വാര്‍ത്തയിലൂടെ ബാങ്കിലെ ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവന്ന സാഹചര്യത്തില്‍ വളരെ ഗൗരവത്തോടെയാണ് ഭരണസമിതി യോഗം ചേരുക.
മുന്നണി ബന്ധം വഷളാകാതിരിക്കാന്‍ നേതൃത്വത്തിന്റെ ഇടപെടല്‍ നേരത്തേതന്നെ ഉണ്ടായിരുന്നു. എന്നാല്‍ പുറത്ത് പ്രതിഷേധം ശക്തമാകുന്നതിനാല്‍ ഒത്തുതീര്‍പ്പുകള്‍ നടക്കില്ലെന്ന് വ്യക്തമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചതിന് പിന്നാലെ ഇന്നലെ മറ്റ് യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അവണൂര്‍ ബാങ്കിന്റെ മാനേജരെന്നതിനാല് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലും ഇന്ന് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കോടികളുടെ ക്രമക്കേട് കണ്ടെത്തിയിട്ടും നാളിതുവരെ യാതൊരുവിധ നടപടിയുമെടുത്തിട്ടില്ല. ഇത് സഹകാരികളുടെ ഇടയില്‍ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: