മാവേലിക്കര: ചെന്നിത്തലയില്‍ ഭര്‍ത്താവിനൊപ്പം ആത്മഹത്യ ചെയ്ത യുവതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ യുവതിയുടെ നാടായ വെട്ടിയാറില്‍ അഞ്ചുപേര്‍ ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്കി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുവാന്‍ നേതൃത്വം നല്കിയ വെട്ടിയാര്‍ സ്വദേശി കൂടിയായ തഹസില്‍ദാര്‍ എസ്. സന്തോഷ് കുമാര്‍, തഴക്കര ഗ്രാമ പഞ്ചായത്തംഗം തുളസീഭായി, യുവതിയുടെ അമ്മ, മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച വെട്ടിയാര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ എന്നിവരോടാണ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.
ഇവരുള്‍പ്പെടെ പ്രാഥമിക, ദ്വിതീയ പട്ടികയിലുള്ള മുപ്പതുപേര്‍ നിരീക്ഷണത്തിലാണ്. യുവതിയുടെ അമ്മ സന്ദര്‍ശിച്ച വെട്ടിയാറിലെ പലചരക്കുകട, മാങ്കാംകുഴിയിലെ ഫാന്‍സി സ്റ്റോര്‍, ചാരുംമൂട്ടിലെ അക്ഷയകേന്ദ്രം എന്നിവ തല്‍ക്കാലത്തേക്ക് അടയ്ക്കുവാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
സ്വര്‍ണം പണയം വയ്ക്കാനെത്തിയപ്പോള്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായെന്ന് കരുതുന്ന മാവേലിക്കരയിലെ ബാങ്കിലെ ജീവനക്കാരും നിരീക്ഷണത്തിലുള്ളവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: