ആലപ്പുഴ: സ്വര്‍ണക്കടത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുള്‍പ്പടെ ആരോപണ വിധേയമായ സാഹചര്യത്തിലാണ് ഐസക്കിന്റെ നിലപാട് ശ്രദ്ധേയമാകുന്നത്. തീവ്രവാദ പ്രസ്ഥാനങ്ങളുടെ നഴ്സറിയായ കേരളത്തില്‍ സ്വര്‍ണകടത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന് ഉപയോഗിക്കുന്നു എന്ന ബിജെപിയുടെ ആരോപണം സാധൂകരിക്കുന്നതാണ് ഐസക്കിന്റെ അഭിപ്രായം.
ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ മുന ചെന്നു തറയ്ക്കുന്നത് മുഖ്യമന്ത്രിയിലും അദ്ദേഹത്തിന്റെ ഓഫീസിലുമാണ്. ”ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന സ്വര്‍ണ്ണത്തില്‍ നല്ലപങ്കും കള്ളപ്പണം വെളുപ്പിക്കാന്‍ കൊണ്ടുവരുന്നതാണ്. അതല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങാണ്. മുമ്പ് ഇതിനുപുറമേ ഔദ്യോഗിക വിനിമയ നിരക്കും കമ്പോളത്തിലെ വിനിമയ നിരക്കും തമ്മിലുള്ള വ്യത്യാസത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ സാധാരണ പ്രവാസി വരെ ഹവാല വഴിയും പണം അയക്കാറുണ്ടായിരുന്നു…രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞ് കമ്പോളനിരക്കും ഔദ്യോഗിക നിരക്കും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് സ്വര്‍ണ്ണ കള്ളക്കടത്തലിന്റെ മുഖ്യലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലായി മാറിയത്.
വിദേശത്താണ് കള്ളപ്പണത്തില്‍ നല്ലപങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ നാട്ടിലേയ്ക്ക് കൊണ്ടുവരാനാകില്ലല്ലോ. അവിടെയാണ് സ്വര്‍ണ്ണത്തിന്റെ റോള്‍. വിദേശത്തു ഡോളര്‍ നല്കിയാല് ആ വിലയ്ക്കുള്ള സ്വര്‍ണ്ണം കള്ളക്കടത്തുകാര്‍ നാട്ടില്‍ എത്തിച്ചുതരും. കള്ളപ്പണക്കാര്‍ നല്ല മാര്‍ജിന്‍ കൊടുക്കാന്‍ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. ഇറക്കുമതി തീരുവ സമീപകാലത്ത് വര്‍ദ്ധിപ്പിച്ചതോടെ ആഭരണശാലകള്‍ വലിയ തോതില്‍ സ്വര്‍ണ്ണം കള്ളക്കടത്തായി കൊണ്ടുവരാനും തുടങ്ങിയിട്ടുണ്ട്.
അന്വേഷണം ഏജന്റുമാരെക്കുറിച്ചു മാത്രം പോരാ. ആര്‍ക്കുവേണ്ടിയിട്ടാണ് സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണവും നിര്‍ണ്ണായകമാണ്.” ഐസക്ക് സമൂഹമാദ്ധ്യമ കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: