തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭീകരസംഘടനകളുമായി ബന്ധമുള്ളതായി സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ ബന്ധങ്ങളിലേക്കും അന്വേഷണം നീളുന്നു. സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്.
സരിത്തിന്റേയും സന്ദീപിന്റേയും ഭാര്യമാര്‍ നല്കിയ മൊഴികളില്‍ സ്വപ്നയ്ക്ക് പുറമേ രണ്ട് പേരെ കുറിച്ചും പരാമര്‍ശം നടത്തിയിരുന്നു. ഇവരെ കുറിച്ചുള്ള അന്വേഷണങ്ങളിലാണ് ഭീകര സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഇതിനായി കസ്റ്റംസ് അപേക്ഷ നല്‍കും. ഇരുവരുടേയും സുരക്ഷയും കര്‍ശ്ശനമാക്കിയിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച കേസ് എന്‍ഐഎ ഏറ്റെടുത്തു. ഇത് വരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് എഫ്ഐഐആറും സമര്‍പ്പിച്ചുകഴിഞ്ഞു.
സരിത്ത്, സ്വപ്ന സുരേഷ്, ഫാസില്‍, സന്ദീപ് നായര്‍ എന്നിവരാണ് യഥാക്രമം ഒന്നുമുതല്‍ നാല് വരെ പ്രതികള്‍. എല്ലാ പ്രതികള്‍ക്കുമെതിരെ യുഎപിഎ നിയമത്തിലെ 16,17,18 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഭീകര പ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി പണം ചെലവഴിക്കുക, ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയാണ് കുറ്റങ്ങള്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാകാം സ്വര്‍ണ്ണം കടത്തുന്നതെന്ന് എഫ്ഐആറില്‍ പറയുന്നത്.
സ്വപ്ന സുരേഷുമായി ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുള്ളതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വകുപ്പുതല അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഐജി: എസ്. ശ്രീജിത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തുനല്‍കി. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് ബെഹ്റ മറുപടി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: