തളിപ്പറമ്പ്: അന്താരാഷ്ട്ര കള്ളനോട്ട്-മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണിയായി അറസ്റ്റ് ചെയ്യപ്പെട്ട പാര്‍ട്ടി അംഗത്തെ സിപിഎം പുറത്താക്കി. മയ്യില്‍ ചെറുപഴശ്ശി ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പ്രാദേശിക ഭാരവാഹിയുമായ മയ്യില്‍ കടൂരിലെ സി.പി. സിദ്ദിഖിനെ പുറത്താക്കണമെന്ന് ഇന്നലെ ചേര്‍ന്ന മയ്യില്‍ ഏരിയാ കമ്മറ്റിയുടെ അടിയന്തിര യോഗം ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ടരുന്നു. തുടര്‍ന്നാണ് മുഖംരക്ഷിക്കാനുള്ള നടപടിയുണ്ടായത്.
പാര്‍ട്ടി അംഗമെന്ന സ്വാധീനം ഉപയോഗിച്ചാണ് മയ്യില്‍ വെമ്മിണിശേരിയിലെ അബ്ദുള്‍നാസറില്‍ നിന്നും 13. 6 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് വ്യക്തമായിരുന്നു. സിദ്ദിഖ് കള്ളനോട്ട് കേസില്‍ അറസ്റ്റിലായതോടെ പാര്‍ട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമം നടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്നലെ അറസ്റ്റിലായ സിദ്ദിഖിനെയും അന്താരാഷ്ട്ര ബന്ധമുള്ള കള്ളനോട്ട് മയക്കുമരുന്ന് മാഫിയാ സംഘത്തിന്റെ പ്രധാന കണ്ണികളായ ഗുജറാത്ത് കലോണിലെ അശ്വിന് (29), മുംബൈ കൊളാബയിലെ ഡോ. ഓംരാജ് റാത്തോഡ്(42), മുംബൈ കല്യാണിലെ സമാധാന് (34) എന്നിവരെ കണ്ണൂരിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയ ശേഷം മാത്രമേ ജയിലിലേക്ക് മാറ്റുകയുള്ളൂ. കേസില്‍ കാസര്‍ഗോഡ് ഭീമനടിയിലെ പറമ്പത്ത് മുഹമ്മദ് അമീറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സമീര്‍ എന്ന ഇബ്രാഹിം, ഗഫൂര്‍, ബാബു, സയ്യിദ്, റിവാജ്, സിദ്ദിക്ക് എന്നിവരേയും കണ്ടാലറിയാവുന്ന നാലുപേരേയും ഇനി പിടികിട്ടാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: