കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ വിവിധ ഭാഗങ്ങളിലെ കുഴികള്‍ അപകടക്കെണിയാവുന്നു. കേബിളുകള്‍ ഇടുന്നതിനും കുടിവെളള പൈപ്പുകള്‍ ഇടുന്നതിനും കുഴിച്ച കുഴികള്‍ ശരിയായ രീതിയില്‍ മൂടാത്തതും മഴ വന്നെത്തിയ ശേഷം രൂപം കൊണ്ട ഗര്‍ത്തങ്ങളുമാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.
താണ, കണ്ണോത്തുംചാല്‍, തെക്കിബസാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ കാലയളവില്‍ ദേശീയപാതയിലെ ടാറിംഗ് കിളച്ചെടുത്ത് കേബിള്‍ ജോലിയും മറ്റും നടത്തുകയുണ്ടായി. എന്നാല്‍ പ്രവര്‍ത്തി കഴിഞ്ഞ ശേഷം വേണ്ടരീതിയില്‍ കുഴികള്‍ മൂടുകയോ താറു ചെയ്യുകയോ ചെയ്യാത്തിനാല്‍ റോഡില്‍ വന്‍ കുഴികള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിലനില്‍ക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ഇരുചക്രവാഹനങ്ങളും ഏതാനും കാറുകളും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍പ്പെടുകയുണ്ടായി. ഏതാണ്ട് റോഡിന് മധ്യത്തോളം നീണ്ടു നില്ക്കുന്ന ഇത്തരം ഗര്‍ത്തങ്ങള്‍ കനത്ത മഴയില്‍ മങ്ങിയ വെളിച്ചത്തില്‍ പലപ്പോഴും അടുത്തെത്തിയാല്‍ മാത്രമാണ് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അപ്പോഴേക്കും വാഹനങ്ങള്‍ കുഴിയില്‍ വീണിരിക്കും. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: