Categories: Article

പുത്തന്‍ ബൂര്‍ഷ്വാസി

'ദി ന്യൂ ക്ലാസ്' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. തന്റെ നാട്ടില്‍ ഭരണം കുറെ കൊഴുത്തുകയറിയപ്പോള്‍ ഒരു പുതിയ ഭരണവര്‍ഗം ഉയര്‍ന്നുവരുന്നതായിരുന്നു, ആ പുസ്തകത്തിന്റെ ഇതിവൃത്തം. ഉദ്യോഗസ്ഥവൃന്ദം, ഭരണത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പറ്റിക്കൂടി കൊഴുത്തുവളരുന്ന ബുദ്ധിജീവികള്‍, സുഖലോലുപത ശീലമാക്കിയ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ - ഇവര്‍ ഒരു പുതിയ ബൂര്‍ഷ്വാസിയായി വളര്‍ന്നുവന്ന് അധികാരം പിടിച്ചെടുക്കുന്നതിന്റെ ചിത്രം അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ തന്നെ ചൂണ്ടിക്കാട്ടി. യൂഗോസ്ലാവിയയില്‍ അധികാരം പോയപ്പോള്‍ ആഡംബര ജീവിതത്തില്‍ കുതിര്‍ന്ന് ജീവിച്ച അവര്‍ പിന്നെ ജയിലിലുമായി.

യൂഗോസ്ലാവിയ എന്ന പഴയ കമ്യൂണിസ്റ്റ് രാജ്യത്തില്‍ മാര്‍ഷല്‍ ടിറ്റോയുടെ ഒരു വിദേശകാര്യമന്ത്രിയുണ്ടായിരുന്നു. മിലോവന്‍ ഡിജിലാസ്. ഓര്‍മയില്‍ നിന്നെഴുതുകയാണ്. ചില്ലറ തെറ്റുപറ്റിയാല്‍ ക്ഷമിക്കണം. അദ്ദേഹം യൂഗോസ്ലാവിയയില്‍ ഉയര്‍ന്നുവരുന്ന പുത്തന്‍ ബൂര്‍ഷ്വാസിയെക്കുറിച്ച് അക്കാലത്തും ഇക്കാലത്തും ചര്‍ച്ചാവിഷയമായ ഒരു പുസ്തകമെഴുതി.

‘ദി ന്യൂ ക്ലാസ്’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. തന്റെ നാട്ടില്‍ ഭരണം കുറെ കൊഴുത്തുകയറിയപ്പോള്‍ ഒരു പുതിയ ഭരണവര്‍ഗം ഉയര്‍ന്നുവരുന്നതായിരുന്നു, ആ പുസ്തകത്തിന്റെ ഇതിവൃത്തം. ഉദ്യോഗസ്ഥവൃന്ദം, ഭരണത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പറ്റിക്കൂടി കൊഴുത്തുവളരുന്ന ബുദ്ധിജീവികള്‍,  സുഖലോലുപത ശീലമാക്കിയ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ – ഇവര്‍ ഒരു പുതിയ ബൂര്‍ഷ്വാസിയായി വളര്‍ന്നുവന്ന് അധികാരം പിടിച്ചെടുക്കുന്നതിന്റെ ചിത്രം  അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ തന്നെ ചൂണ്ടിക്കാട്ടി. യൂഗോസ്ലാവിയയില്‍ അധികാരം പോയപ്പോള്‍ ആഡംബര ജീവിതത്തില്‍ കുതിര്‍ന്ന് ജീവിച്ച അവര്‍ പിന്നെ ജയിലിലുമായി.

സോവിയറ്റ് യൂണിയന്‍ ഇതിന്റെ തനിയാവര്‍ത്തനമായി. ചൈന അവര്‍ പിടിച്ചെടുത്തു. ദേശീയതയും ചൈനീസ് കുത്തക മുതലാളിത്തവും ചേര്‍ന്ന് ഒരു അപൂര്‍വ മിശ്രിതമുണ്ടാക്കി അവര്‍ തടിച്ചുകൊഴുത്തവര്‍ ഭരിക്കുന്ന, ഒരു മൂല്യങ്ങളുമില്ലാത്ത രാജ്യമായി മാറി. ലാഭക്കൊതി മാത്രം അവരുടെ ഭരണത്തിന്റെ ഒരേയൊരുമൂല്യമായി മാറി. അവര്‍ സംരക്ഷിച്ച വിയറ്റ്‌നാമിനെ ആക്രമിക്കാന്‍ പോലും തയ്യാറായി.

ഇതാണ് ന്യൂ ക്ലാസ്. പുത്തന്‍ ബൂര്‍ഷാസ്വി. ഇവര്‍ എവിടെ നിന്ന് ഉയര്‍ന്ന് വരുന്നുവെന്ന് ലെനിന്‍ പണ്ടേ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാമത് പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍, പ്രൊഫസര്‍മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, പട്ടാള ഉദ്യോഗസ്ഥര്‍, രണ്ടാം തലമുറ പാര്‍ട്ടി പ്രവര്‍ത്തകര്‍… അങ്ങനെ പോകുന്നു അവരുടെ ആദ്യ പട്ടിക.

രണ്ടാമത് ചെറുകിട കച്ചവടക്കാരും പെറ്റി ബൂര്‍ഷ്വാ എന്ന് അവര്‍ പേരിടുന്ന അവശേഷിക്കുന്ന തുടച്ചുനീക്കപ്പെടാത്ത കര്‍ഷകര്‍ – അങ്ങനെ പോകുന്നു അവരുടെ പട്ടിക. മൂന്നാമതായി മതത്തിന്റെ സ്വാധീന വലയത്തില്‍ നിലനില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍.

ഇവര്‍ സോവിയറ്റ് യൂണിയന്‍ പിടിച്ചടക്കാനും പാവം പാര്‍ട്ടിയുടെ വര്‍ഗസ്വഭാവം നേരെ വിപരീതമാക്കാനും ഇടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്റെ പൊടിമൂടിക്കിടക്കുന്ന ലൈബ്രറിയിലെ ലെനിന്റെ സമാഹൃത കൃതികള്‍ (42 വാല്യങ്ങള്‍) തപ്പിത്തിരഞ്ഞ് ഉദ്ധരണികള്‍ കണ്ടെത്താന്‍ ഞാന്‍ മിനക്കെടുന്നില്ല. ശ്രീ. മാവോ സെ തൂങ്ങ് ഇത് മനസ്സിലാക്കിയാണ് ഒരു അവസാന മൃതസഞ്ജീവനി പോലെ സാംസ്‌കാരിക വിപ്ലവം പരീക്ഷിച്ചു നോക്കിയത്.  ‘ശ്രീ’ എന്ന ബഹുമാനസൂചകപദം ഉപയോഗിച്ചത്. സൈനിക കാര്യങ്ങളിലും അടിസ്ഥാന കാഴ്ചപ്പാടുകളിലും അദ്ദേഹത്തിന് ഒരു ‘ടാവേ’ ‘കണ്‍ഫ്യൂഷിയസ്’ സമീപനം ഉണ്ടായിരുന്നതുകൊണ്ടാണ്. സാംസ്‌കാരിക വിപ്ലവത്തെ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ലിന്‍പിയാഖോ ‘ആബിയ അണുബോംബ്’ എന്നുപോലും വിശേഷിപ്പിച്ചു. ആ  ബോംബ് പൊട്ടി എവിടെയെത്തി എന്ന് നമുക്കറിയാം. കമ്പൂച്ചിയയിലെ പോള്‍ പോട്ട്.

ഇന്നിതാ ഒരു പുതിയ വര്‍ഗം, പുതിയ ബൂര്‍ഷ്വാസി കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിയന്തിരാവസ്ഥയില്‍ നല്ല വൃത്തിയായി ശൂരതയോടെ അടികൊണ്ട പിണറായി വിജയനെ പോലുള്ളവര്‍ അമ്മയേക്കാള്‍ ഒരുകാലത്ത് സ്‌നേഹിച്ച പാര്‍ട്ടിയെ പിടിച്ചെടുത്ത്, ഭരണം പിടിച്ചെടുത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്ത്, പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ സഹിക്കും! യൂഗോസ്ലാവിയയുടെയും ചൈനയുടെയും വഴിയില്‍, സോവിയറ്റ് യൂണിയന്റെ വഴിയില്‍. ഇനി തിരിച്ചുപോകാന്‍ വേറൊരു വഴിയുമില്ലാത്തവിധം അവര്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.

മിലോവന്‍ ഡിജിലാസിന്റെ പുസ്തകം എം.എ.ബേബിയുടെ കൈയിലെങ്കിലും ഉണ്ടാകാതിരിക്കില്ല. ബ്രിട്ടാസിന്റെയും ശിവശങ്കറിന്റെയും കൈയില്‍ കാണില്ല.

പഴയ പാര്‍ട്ടി പ്രവര്‍ത്തകരുടെ മൂന്നുനാല് ഫോണ്‍ കോളുകള്‍ സ്വര്‍ണക്കെട്ട് പൊട്ടിച്ച വാര്‍ത്ത വന്നപ്പോള്‍ എനിക്ക് കിട്ടി. ഒരാള്‍ ഫോണിലൂടെ കരയുന്നു. മറ്റൊരാള്‍ ‘പൂം’ ഇല്ലാത്ത പാര്‍ട്ടി അല്പം ഭേദമല്ലേ എന്നു ചോദിക്കുന്നു.

ഇപ്പോഴും പശയ്‌ക്കും പേപ്പറിനും കാശുവാങ്ങാതെ പോസ്റ്റര്‍ ഒട്ടിക്കുന്നവരായ ഒരു വലിയ വിഭാഗം  സഖാക്കളുടെ ദുരവസ്ഥ ഉന്നതരായ പാര്‍ട്ടി നേതാക്കള്‍ ഒന്ന് ഓര്‍ത്തുനോക്കണം. ഉറങ്ങാന്‍ കിടക്കാന്‍ നേരത്തെങ്കിലും! അതാണ് സഖാവേ ‘മെഡിറ്റേഷന്‍’. ഉറങ്ങിക്കോളൂ. പക്ഷേ ഉണരണം. ഇല്ലെങ്കില്‍ ഉറക്കത്തില്‍ തന്നെ ചത്തുപോകും. വ്യക്തിയല്ല, പാര്‍ട്ടി ചത്തുപോകും.

ഒരു നല്ല പ്രാദേശിക പാര്‍ട്ടിയായെങ്കിലും ഈ കുതിരയെ കുറച്ചുകാലം കൂടി എഴുന്നള്ളിച്ച് നടത്തേണ്ടത് നിങ്ങളുടെ കടമയാണ്. ഈ ഉത്സവം തീരുന്നതുവരെയെങ്കിലും. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള നേതൃത്വത്തിന്റെ പ്രാഥമികമായ കടമയാണിത്. വോട്ട് ചെയ്ത് ഈ പേക്കൂത്തൊക്കെ കാണിക്കാന്‍ അവസരമൊരുക്കിത്തന്ന ഒരു കോടി പച്ചമനുഷ്യരോടുള്ള കടമ!

കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ രക്തസാക്ഷികളാണ് ഭാഗ്യവാന്മാര്‍! തറവാട് മുടിയുന്നതു കാണാന്‍ ഇടവരാതെ മണ്‍മറഞ്ഞവര്‍ സി.എച്ച്.കണാരനും, അഴിക്കോടന്‍ രാഘവനും … അങ്ങനെ എത്രപേര്‍!

പിന്നെ നേരത്തെ യാത്രപറഞ്ഞ ഞങ്ങളെപ്പോലുള്ള രക്ത സാക്ഷികളാകാത്ത ഭാഗ്യവാന്മാരും.

ഫിലിപ്പ് എം. പ്രസാദ്

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക