കോവിഡും സ്വര്‍ണക്കടത്തും അരങ്ങു തകര്‍ക്കുകയാണല്ലൊ. അതിനിടയില്‍ കമ്യൂണിസ്റ്റുകളുടെ കുടുംബകലഹം കൗതുകമുളവാക്കുന്നതാണ്. അഞ്ചരപതിറ്റാണ്ട് മുമ്പ് വേര്‍പിരിഞ്ഞാണ് സിപിഐയും സിപിഎമ്മും ഉത്ഭവിച്ചത്. അതിനുശേഷം കേരളത്തില്‍ 1965 ല്‍ നടന്ന തെരഞ്ഞെടുപ്പിലെ നേട്ടവും കോട്ടവും ചികയുകയാണ് ഇരുപാര്‍ട്ടി നേതാക്കളും. മന്ത്രിസഭയിലെ പോക്കണക്കേടുകളെക്കുറിച്ച് സിപിഐ നിലപാട് പറഞ്ഞപ്പോള്‍ 1965 ലെ ചരിത്രം പഠിക്കണമെന്നാണ് സിപിഎം, സിപിഐയെ ഉപദേശിച്ചത്. തനിച്ച് നിന്നാല്‍ വട്ടപൂജ്യമാകുമെന്നും ഒപ്പം നിന്നാല്‍ മാത്രമേ കരപറ്റൂ എന്നും സിപിഐയെ ഉപദേശിക്കുകയായിരുന്നു. പച്ചയ്‌ക്ക് പറഞ്ഞാല്‍ അടിയന്തരാവസ്ഥക്കാലത്ത് കേട്ടതുപോലെ ”നാവടക്കൂ പണിയെടുക്കൂ” എന്ന് സാരം.
ഇത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ പലകുറി കേട്ടു. 1965 ല്‍ സിപിഐക്ക് കിട്ടിയത് മൂന്നേ മൂന്ന് സീറ്റാണ്. കെട്ടിവെച്ച കാശ് മൊത്തമായി അന്ന് ഖജനാവിലെത്തിച്ച പാര്‍ട്ടിയായിരുന്നല്ലൊ സിപിഐ. സിപിഎമ്മിന് 40 സീറ്റ് കിട്ടി. ഇത്രയും കിട്ടിയത് ലീഗുമായി സഖ്യത്തിലായതുകൊണ്ടല്ലെ എന്ന് പരിഹാസം. കോവിഡ് വിശേഷം വിളമ്പാറുള്ള പതിവ് വാര്‍ത്താ സമ്മേളത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മറുപടി നല്‍കിയത്. ”ലീഗുമായി സഖ്യമേ ഉണ്ടായില്ല.” ലീഗുമായി ഏറ്റുമുട്ടി ജയിച്ച നേതാക്കളെയും നിരത്തി. മുഖ്യമന്ത്രിക്ക് മറുപടിയുമായി വീണ്ടും സിപിഐ.
ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികള്‍ മുഖ്യമന്ത്രി വായിക്കണമെന്ന് കാനം രാജേന്ദ്രന്‍. പിണറായി വിജയന്‍ വായിക്കേണ്ട സഞ്ചികയും കാനം നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1965 ല്‍ സിപിഎം തനിച്ചു മത്സരിച്ചു എന്ന പ്രചാരണം ശരിയല്ലെന്നാണ് ഇപ്പോള്‍ ബോധ്യപ്പെടുന്നത്. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ആ തെരഞ്ഞെടുപ്പിനുശേഷം ഒരു സര്‍ക്കാരുണ്ടായില്ലെങ്കിലും പാര്‍ട്ടികളെല്ലാം പാഠം പഠിച്ചു. ലീഗ് തൊട്ടുകൂടാത്ത കക്ഷിയെന്നാക്ഷേപിച്ച സിപിഎം മുസ്ലിംലീഗിനെ കെട്ടിപ്പുണര്‍ന്നു. സിപിഐയും ഒപ്പമുണ്ടായി. പറഞ്ഞുവന്നത് നേരത്തെ അറിയുന്ന പലതും നേരല്ലെന്ന കാര്യം ഓര്‍ക്കാനാണ്.
ഏറ്റവും ഒടുവില്‍ സ്വര്‍ണക്കള്ളക്കടത്തുമായി വരുന്ന വാര്‍ത്തകള്‍ക്ക് പലതിനും അല്‍പ്പായുസ്സാണ്. സത്യമാണെന്ന മട്ടില്‍ വിളമ്പുന്ന ചിലത് പച്ചനുണയാണെന്ന് ബോധ്യപ്പെടാന്‍ 24 മണിക്കൂര്‍ പോലും വേണ്ട. സ്വര്‍ണക്കടത്തിലെ മുഖ്യ കണ്ണികളിലൊരാളായ സന്ദീപ് നായര്‍ ബിജെപിക്കാരനെന്ന് ആദ്യം കഥയുണ്ടാക്കിയത് സിപിഎം ചാനലാണ്. ഇയാള്‍ ബിജെപി നേതാവാണെന്ന് ലൈവായി തട്ടി മൂളിച്ചു. മറ്റു ചാനലുകളും ബിജെപി വിരുദ്ധ പത്രങ്ങളും അതേറ്റുപാടി. നിര്‍ഭയം നിരന്തരം നേരത്തെ വാര്‍ത്ത എത്തിക്കുന്ന ചാനല്‍ സന്ദീപ് നായരുടെ വീട്ടിലെത്തി അമ്മയുടെ ബൈറ്റ് എടുത്തു. മകന്‍ സിപിഎം ബ്രാഞ്ച് മെമ്പറെന്ന് അമ്മ പറഞ്ഞു. മകന്റെ വര്‍ക്‌ഷോപ്പ് ഉദ്ഘാടനത്തിന് സ്വപ്‌ന സുരേഷ് വന്നിരുന്നു. സ്പീക്കറാണ് ഉദ്ഘാടനം ചെയ്തതെന്നും പറഞ്ഞു. മകന്‍ സിപിഎംകാരനാണെന്ന് പറഞ്ഞത് ഭീഷണിമൂലം അമ്മ തിരുത്തി. മകനല്ല താനാണ് പാര്‍ട്ടിക്കാരിയെന്ന് പറഞ്ഞതും ചാനല്‍ വാര്‍ത്തയാക്കി.
സന്ദീപ് ബിജെപിയാണെന്ന് വിശ്വസിപ്പിക്കാന്‍ അയാള്‍ കുമ്മനം രാജശേഖരനുമായി നില്‍ക്കുന്ന തട്ടിക്കൂട്ടിയ ചിത്രവും പ്രചരിപ്പിച്ചു. അത് കണ്ട് അമ്പരന്നവര്‍ ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസ് കണ്ടപ്പോള്‍ നേരത്തെ അറിഞ്ഞത് പെരുംനുണയാണെന്ന് തിരിച്ചറിഞ്ഞു. ബിജെപി സര്‍ക്കാരിന്റെ സ്ഥാപനം ഉദ്ഘാടന ചടങ്ങില്‍ ഒരു ബിജെപിക്കാരനുമില്ല. സിപിഎംകാരനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, നെടുമങ്ങാട് എംഎല്‍എ സി. ദിവാകരന്‍, സിപിഎം ഏരിയാ സെക്രട്ടറി ആര്‍. ജയദേവന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ്. സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്തംഗം മായാ ദേവി, സിപിഐ മണ്ഡലം സെക്രട്ടറി ഷെറീഫ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.പി.പ്രമോഷ്, കൗണ്‍സിലര്‍മാരായ എസ്. നൂര്‍ജി, ടി. അര്‍ജുനന്‍. ഒരു ബിജെപിക്കാരനെയും ചടങ്ങിന് ക്ഷണിക്കാത്തതില്‍ നിന്നുതന്നെ സംഗതി വ്യക്തം.
കസ്റ്റംസിലേക്ക് ആദ്യം വിളിച്ചത് ബിഎംഎസ് നേതാവ്. ചാനല്‍ ചര്‍ച്ചകളില്‍ ഇത് വച്ച് സിപിഎമ്മുകാര്‍ അലക്കുമ്പോഴാണ് ആരാണിതെന്നന്വേഷിച്ചത്. അപ്പോഴാണ് ഇയാള്‍ ബിഎംഎസുമല്ല ബിജെപിയുമല്ല എന്നറിയുന്നത്. കാര്‍ഗോയില്‍ നിന്നും സാധനങ്ങള്‍ പുറത്തെടുക്കുന്ന ഏജന്റുമാരുടെ സംഘടനയില്‍ പെട്ടയാള്‍. ബിഎംഎസ് എന്നത് ഇയാള്‍ക്ക് അജ്ഞാതമാണ്. നേരത്തെ കേട്ടത് പച്ചക്കള്ളമെന്ന് ഇപ്പോള്‍ വ്യക്തമായി.
”സ്വപ്‌ന സുരേഷിനെ അറിയില്ല. അവരെക്കുറിച്ച് അന്വേഷണവുമില്ല.” മുഖ്യമന്ത്രി പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണിത്. മുഖ്യമന്ത്രിയോടൊപ്പം തൊട്ടുരുമ്മി നില്‍ക്കുന്നതും നടക്കുന്നതുമായ ചിത്രങ്ങള്‍ ഒരുപാട് വന്നതോടെ അപ്പറഞ്ഞത് പൊളിഞ്ഞു. ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ അവരെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. മുഖ്യമന്ത്രിയെക്കാള്‍ സര്‍ക്കാര്‍ കാര്യം അറിയുന്ന സെക്രട്ടറിക്ക് സര്‍ക്കാരുമായി വിവാദ നായികയ്‌ക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ടുകൊണ്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പുറമെ മന്ത്രിമാരായ ഇ.പി. ജയരാജന്‍, തോമസ് ഐസക്, കെ.ടി.ജലീല്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെല്ലാം സ്വപ്‌നയോടൊപ്പം നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
കേരള പോലീസിനോട് കസ്റ്റംസ് സഹകരണാഭ്യര്‍ത്ഥന നടത്തിയില്ലെന്ന് പരാതിപ്പെടുന്നത് കേട്ടു. സ്വപ്‌ന സുരേഷിന്റെ ചങ്ങാതിയെപ്പോലെ എം. ശിവശങ്കറിനോടൊപ്പം ഡിജിപിയും പെരുമാറി എന്നത് ഇന്നൊരു രഹസ്യമല്ലൊ. സ്വപ്‌നയോടൊപ്പം എത്ര തവണ ഡിജിപി ദുബായില്‍ പോയി എന്നത് വെളിപ്പെടുമായിരിക്കാം.
തിരുവനന്തപുരം അഗ്നിപര്‍വതത്തിന് മുകളിലാണെന്ന് മന്ത്രി കടകംപള്ളി പറഞ്ഞത് ഞായറാഴ്ച ഉച്ചയാണ്. രാവിലെയാണ് കള്ളക്കടത്ത് സ്വര്‍ണവേട്ട. അന്ന് തിരുവനന്തപുരത്ത് 27 രോഗബാധിതരായിരുന്നു. അതിന്റെ ഇരട്ടി മലപ്പുറത്തുണ്ടായിരുന്നു. തലസ്ഥാനം ട്രിപ്പിള്‍ ലോക്ഡൗണിലാണ്. രോഗികളുടെ എണ്ണം കൂടുന്നതായി വാര്‍ത്ത. പൂന്തുറ സൂപ്പര്‍ സ്പ്രഡാണത്രേ. അതിപ്പോള്‍ വിവാദവുമായി. മലപ്പുറത്തെക്കുറിച്ച് മിണ്ടരുതെന്നപോലെ പൂന്തുറയെ അപമാനിക്കരുതെന്ന് ജനങ്ങളും. പൂന്തുറയെക്കുറിച്ച് ആദ്യം കേട്ടതല്ല ഇപ്പോള്‍ അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: