കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്.
മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടി.പി ജിഷാര്‍, കോടഞ്ചേരി സ്വദേശി അബ്ദുള്‍ ജലീല്‍, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരുടെ പക്കല്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമായിരുന്നു ഇവര്‍ സ്വര്‍ണം ഒളിച്ചുകടത്താന്‍ ശ്രമിച്ചത്. വിമാനത്താവളങ്ങളിലെ മെറ്റല്‍ ഡിറ്റക്ടറില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്താനാവില്ല എന്നതു കാരണമാണ് ഇപ്പോള്‍ മിശ്രിത രൂപത്തില്‍ സ്വര്‍ണക്കടത്ത് ഏറുന്നത്.
അതേസമയം, കഴിഞ്ഞ 20 ദിവസത്തിനിടെ 25 സ്വര്‍ണക്കടത്ത് കേസുകളാണ് സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലായി കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തത്. വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ സ്വര്‍ണക്കടത്തുകാര്‍ ആയുധമാക്കുകയാണ്. 25 കോടിയോളം രൂപയുടെ സ്വര്‍ണം ആകെ പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പിടികൂടിയ 15 കോടിയുടെ സ്വര്‍ണമാണ് ഇതില്‍ ഏറ്റവും വലിയ കേസ്. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഏറ്റവുമധികം സ്വര്‍ണക്കടത്ത് പിടിച്ചത്, അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം. കണ്ണൂര്‍ വിമാനത്താവളത്തില്‍ 74 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടി. കൊച്ചിയിലാണ് ഏറ്റവും കുറവ്. ഇസ്തിരിപ്പെട്ടി, ബാറ്ററി, സൈക്കിള്‍ പെഡല്‍ ഷാഫ്റ്റ്, ഫാന്‍ എന്നിവക്കുള്ളിലെല്ലാം ഒളിപ്പിച്ച് സ്വര്‍ണം കടത്തിക്കൊണ്ടുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: